ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതര്‍; ഇറാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്ഥിതി അനിശ്ചിതത്വത്തില്‍, വ്യോമാതിര്‍ത്തി അടച്ച് ഇരു രാജ്യങ്ങളും

ന്യൂഡല്‍ഹി : ഇറാനുമായുള്ള സംഘര്‍ഷം വര്‍ദ്ധിക്കുന്നതിനിടെ ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇസ്രായേലില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ 18,000 മുതല്‍ 20,000 വരെ ഇന്ത്യന്‍ പൗരന്മാരും ഏകദേശം 85,000 ഇന്ത്യന്‍ വംശജരായ ജൂതന്മാരുമുണ്ടെന്നാണ് കണക്കുകള്‍.

2023 നവംബറില്‍ ഇന്ത്യയുമായി ഒപ്പുവച്ച ഒരു ഉഭയകക്ഷി കരാര്‍ പ്രകാരം ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ ഇസ്രായേലില്‍ എത്തിയിട്ടുണ്ട്. 2025 മാര്‍ച്ച് 10 വരെ 6,694 ഇന്ത്യന്‍ തൊഴിലാളികള്‍ ഔദ്യോഗികമായി ഇസ്രായേലില്‍ നിര്‍മ്മാണ മേഖലയിലടക്കം ജോലിക്ക് എത്തിയിരുന്നു.

വിദ്യാര്‍ഥികളടക്കം എല്ലാ മേഖലയിലെയും ഇന്ത്യന്‍ പൗരരുമായി എംബസി ബന്ധപ്പെടുന്നുണ്ട്. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും 24 മണിക്കൂര്‍ ഹെല്‍പ്പ്‌ലൈനും പ്രവര്‍ത്തിക്കുന്നുണ്ടെന്നും എംബസി വ്യക്തമാക്കി. ഇസ്രയേല്‍ അധികൃതരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എംബസി അറിയിച്ചു.

അതേസമയം, ഇറാനില്‍ 1500ലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികളാണുള്ളത്. ഇവരുടെ സ്ഥിതി അനിശ്ചിതത്വത്തില്‍ തുടരുകയാണെന്നും ഇവരെ സഹായിക്കാന്‍ ആവശ്യമായതു ചെയ്യണമെന്നും ടെല്‍ അവീവിലെ എംബസി അധികൃതരും ഇടപെടുന്നില്ലെന്നും കേന്ദ്രസര്‍ക്കാരില്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

സംഘര്‍ഷം മൂലം ഇറാനും ഇസ്രയേലും വ്യോമാതിര്‍ത്തി അടച്ചിരിക്കുകയാണ്.