
മിഷിഗൺ: ഇന്ത്യൻ ജീവനക്കാരെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ അമേരിക്കൻ ഭക്ഷ്യ ഭീമനായ കാംബെല്ലിലെ മുതിർന്ന എക്സിക്യൂട്ടീവിനെതിരെ കേസ്. 2024 നവംബറിൽ ഒരു റെസ്റ്റോറന്റിൽ വെച്ച് കാംബെല്ലിലെ വൈസ് പ്രസിഡന്റും ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറുമായ മാർട്ടിൻ ബാലി കമ്പനിയിലെ സഹപ്രവർത്തകനോട് നടത്തിയ സംഭാഷണമാണ് കേസിന് ആധാരം. കമ്പനിയിലെ മുൻ സൈബർ സുരക്ഷാ വിശകലന വിദഗ്ധനായ റോബർട്ട് ഗാർസയാണ് റെക്കോർഡ് ചെയ്ത സംഭാഷണം തെളിവാക്കി നിയമപരമായ പരാതി നൽകിയത്.
കഴിഞ്ഞ വർഷം നടന്ന ഒരു മീറ്റിംഗിൽ ബാലി നടത്തിയ ഇന്ത്യൻ സഹപ്രവർത്തകരെക്കുറിച്ചുള്ള അവഹേളനപരമായ പ്രസ്താവനകളും കാംബെല്ലിന്റെ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിമർശനവും റെക്കോർഡിംഗിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പരാതിയിൽ അവകാശപ്പെടുന്നു. ആരോപണങ്ങൾ ഉയർന്നുവന്നതോടെ എക്സിക്യൂട്ടീവിനെ പിന്നീട് അവധിയിൽ പ്രവേശിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്.
ബാലി ഇന്ത്യൻ ജീവനക്കാരെ “വിഡ്ഢികൾ” എന്ന് വിളിക്കുകയും ഒരു സാങ്കേതിക കാര്യങ്ങളിലും അവർക്ക് സ്വയം ചിന്തിക്കാൻ കഴിവില്ലെന്ന് പരാതിപ്പെടുകയും ചെയ്തു. പരാതിയും റെക്കോർഡിംഗും അനുസരിച്ച്, ബാലി “F**king Indians” എന്നും “They can’t think for their f**king self” എന്നും പറയുന്നത് കേൾക്കാമെന്ന് പറയപ്പെടുന്നു. ഗാർസ രഹസ്യമായി ഈ സംഭാഷണം റെക്കോർഡ് ചെയ്തു.
കാംബെല്ലിന്റെ ഭക്ഷണം കൂടുതൽ സംസ്കരിച്ചതാണെന്നും ഇത് ദരിദ്രർക്കായി ഉദ്ദേശിച്ചുള്ളതുമാണെന്നും ബാലി സംസാരത്തിനിടെ വിവരിക്കുന്നുണ്ട്. കമ്പനി ബയോ എഞ്ചിനീയറിംഗ് ചെയ്ത മാംസം ഉപയോഗിച്ചേക്കാമെന്ന് സൂചനയും ബാലിയുടെ സംസാരത്തിലുണ്ടായിരുന്നു. 3D പ്രിന്ററിൽ നിന്ന് വന്ന ഒരു ചിക്കൻ കഷണം കഴിക്കാൻ ആഗ്രഹിക്കാത്തതിനാൽ താൻ ഇനി കാംബെല്ലിന്റെ ഉൽപ്പന്നങ്ങൾ കഴിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഗതി വിവാദമായതോടെ കാംബെൽ ബാലിയുടെ ഈ അവകാശവാദങ്ങൾ നിരസിച്ച് എത്തിയിരുന്നു. ബാലിയുടെ പേരിൽ ആരോപിക്കപ്പെടുന്ന ഈ അഭിപ്രായങ്ങൾ അസ്വീകാര്യമാണെന്നും കമ്പനിയുടെ മൂല്യങ്ങളെയോ സംസ്കാരത്തെയോ അവ പ്രതിഫലിപ്പിക്കുന്നില്ലെന്നും കാംബെൽസ് ഒരു പ്രസ്താവന പുറപ്പെടുവിച്ചു. തങ്ങളുടെ സൂപ്പുകളിൽ യഥാർത്ഥ ചിക്കൻ അടങ്ങിയിട്ടില്ലെന്ന പരാമർശത്തെ അവർ ശക്തമായി നിഷേധിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ അംഗീകരിച്ച വിതരണക്കാരിൽ നിന്നാണ് തങ്ങൾക്കുള്ള ചേരുവകൾ വരുന്നതെന്നും കമ്പനി വിശദീകരണം നൽകി. ബാലി ഐടിയിലാണ് ജോലി ചെയ്യുന്നുതെന്നും ഭക്ഷ്യ ഉൽപാദനത്തിലോ സോഴ്‌സിംഗിലോ അദ്ദേഹത്തിന് പങ്കില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി. ആഭ്യന്തര അന്വേഷണം നടക്കുന്നതിനാൽ ബാലിയെ താൽക്കാലിക അവധിയിൽ പ്രവേശിപ്പിച്ചതായും കമ്പനി സ്ഥിരീകരിച്ചു.
അതേസമയം, പരാമർശങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷം തനിക്കെതിരെ പ്രതികാര നടപടിയെടുക്കുന്നതായി മുൻ ജീവനക്കാരൻ അവകാശപ്പെടുന്നു. തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടെന്നും ഇത് പ്രതികാര നടപടിയാണെന്നും അത് തനിക്ക് സമ്മർദ്ദം, മാനസിക വേദന, സാമ്പത്തിക നാശനഷ്ടങ്ങൾ എന്നിവയ്ക്ക് കാരണമായെന്നും റോബർട്ട് ഗാർസ കേസിൽ ആരോപിക്കുന്നു. തനിക്ക് നഷ്ടപരിഹാരവും അഭിഭാഷക ഫീസും വേണമെന്നും അദ്ദേഹം കേസിലൂടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
American food giant Campbell’s executive makes abusive remarks against Indian employees.














