
കൊച്ചി : കോടനാട് ചരിഞ്ഞ കാട്ടുകൊമ്പന്റെ തലച്ചോറിന് അണുബാധ ഏറ്റിരുന്നതായി പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മറ്റ് ആന്തരിക അവയവങ്ങള്‍ക്ക് അണുബാധ ഇല്ലെന്നാണ് കണ്ടെത്തല്‍. അതേസമയം, ആനയുടെ മരണകാരണം ഹൃദയാഘാതം തന്നെയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മസ്തകത്തിലേത് കൊമ്പ് കുത്തിയതിനെ തുടര്‍ന്നുണ്ടായ മുറിവാണെന്നും നിഗമനം.
മസ്തകത്തിന് പരിക്കേറ്റ് അതിരപ്പിള്ളിയില്‍ നിന്നും കോടനാട് അഭയാരണ്യത്തില്‍ എത്തിച്ച കൊമ്പന്‍ ഇന്നലെ ഉച്ചയോടെയാണ് ചരിഞ്ഞത്. കൊമ്പന്റെ മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നു. മുറിവില്‍ നിന്നും അണുബാധ തുമ്പികൈയ്യിലേക്കും പടര്‍ന്നു. ചികിത്സക്കിടെ ഉണ്ടായ ഹൃദയഘാതം മരണത്തിലേക്ക് നയിച്ചെന്നാണ് നിഗമനം. കൊമ്പന്‍ ചികിത്സയോട് മികച്ച രീതിയില്‍ പ്രതികരിച്ചിരുന്നു. ആഹാരവും മരുന്നും കഴിച്ചിരുന്നു. പിന്നീട് അവശത കൂടി മരണം സംഭവിക്കുകയായിരുന്നു.