
ഫ്ലോറിഡ : ഫ്ലോറിഡയിൽ ബോട്ട് ഒരു ഫെറിയിൽ ഇടിച്ചുകയറി ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം രാത്രി 8:30 ഓടെ ക്ലിയർവാട്ടറിലെ മെമ്മോറിയൽ കോസ്‌വേ പാലത്തിന് സമീപമാണ് അപകടം നടന്നത്. ഫെറിയിൽ ഇടിച്ച ബോട്ട് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
രണ്ട് ജീവനക്കാർ ഉൾപ്പെടെ 45 പേർ സഞ്ചരിച്ചിരുന്ന ഫെറിയിലെ യാത്രക്കാർക്കാണ് അപകടം സംഭവിച്ചത്.
പരുക്കേറ്റ 6 പേരുടെ നില ഗുരുതരമാണ്. രണ്ടുപേരെ ചെറിയ പരുക്കുകളോടെ ബേകെയർ ഹെൽത്തിലേക്ക് കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പൊലീസ് പറയുന്നതനുസരിച്ച്, അപകടത്തിനു ശേഷം ഫെറി പാലത്തിന് തെക്ക് ഭാഗത്തുള്ള ഒരു മണൽത്തിട്ടയിൽ ഉറച്ചു, രാത്രി 10:30 ആയപ്പോഴേക്കും പരുക്കേറ്റവരേയും യാത്രക്കാരേയും ഫെറിയിൽ നിന്ന് മാറ്റി. ഫെറിയിൽ നിന്ന് ആരെയും കാണാതായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.