
ബംഗളൂരു: ആഗോള തലത്തിൽ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നതിന്‍റെ ഭാഗമായി ബംഗളൂരുവിൽ 180 ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കൻ എയർക്രാഫ്റ്റ് നിർമാണ കമ്പിനിയായ ബോയിങ്. തങ്ങളുടെ തൊഴിലാളി സംഖ്യയിൽ 10 ശതമാനത്തോളം വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി കഴിഞ്ഞ വർഷം തന്നെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ ബോയിങിന് ഏകദേശം 7000 ജീവനക്കാരാണുള്ളത്. 2024 ഡസംബറിൽ ബോയിങ് ഇന്ത്യ ടെക്നോളജി സെന്ററിലെ (ബിഐഇറ്റിസി) 180 പേരെ പിരിച്ചു വിട്ടുവെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. കമ്പനി ഇത് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ഉപഭോക്താക്കളെയോ ഗവൺമെന്‍റ് പ്രവർത്തനങ്ങളെയോ ബാധിക്കാത്ത തരത്തിലാണ് പിരിച്ചുവിടൽ നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടുള്ളതെന്നാണ് ലഭ്യമായ വിവരം. പിരിച്ചുവിടലിനൊപ്പം ചില പുതിയ പദവികൾ കമ്പനിയിൽ സൃഷ്ടിക്കപ്പെട്ടതായി കമ്പനി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ബംഗളൂരുവിലും ചെന്നൈയിലുമായി സ്ഥിതിചെയ്യുന്ന ബിഐഇറ്റിസിയാണ് പ്രധാനപ്പെട്ട എയറോസ്പേസ് വർക്കുകൾ ചെയ്യുന്നത്. അമേരിക്കയ്ക്ക് പുറത്ത് കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപ കേന്ദ്രമാണ് ബംഗളൂരുവിലേത്.