
വാഷിംഗ്ടൺ: അമേരിക്കയിലേക്ക് ഫെന്റനൈൽ നിർമ്മിക്കുകയും അയക്കുകയും ചെയ്യുന്നവർക്ക് ചൈന ഉടൻ വധശിക്ഷ നൽകിത്തുടങ്ങിയേക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഫെന്റനൈൽ കടത്തുകാർക്കെതിരെ കർശന നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മിൽ ഒരു കരാറിൽ എത്താൻ ശ്രമിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.
”ചൈനീസ് പ്രസിഡന്റ് ഷിയുമായി എനിക്ക് വളരെ നല്ല ബന്ധമുണ്ട്, എന്നാൽ ഫെന്റനൈൽ കാരണം ഞാൻ ചൈനയ്ക്ക് 20 ശതമാനം തീരുവ ചുമത്തി. ഞാൻ അതിനെ പിഴ എന്ന് വിളിക്കുന്നു. കാരണം ചൈനയാണ് ഫെന്റനൈലിന്റെ ഭൂരിഭാഗവും എത്തിക്കുന്നത്. ചിലർ പറയും മുഴുവനും എന്ന്. അവർ അത് മെക്സിക്കോയിലേക്കും നമ്മുടെ രാജ്യത്തേക്കും എത്തിക്കുന്നു” ട്രംപ് പറഞ്ഞു.
മയക്കുമരുന്ന് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരമായാണ് ഈ തീരുവ ചുമത്തുന്നതെന്ന് ട്രംപ് വ്യക്തമാക്കി. “ഞങ്ങൾക്ക് 20 ശതമാനം (തീരുവ) ഉണ്ട്, അതിനാൽ അവർ ചെയ്ത തെറ്റുകൾക്ക് കോടിക്കണക്കിന് ഡോളർ നഷ്ടപരിഹാരം നൽകുന്നു. ഇത് ചൈന ഫെന്റനൈൽ നിർമ്മിക്കുകയും അത് നമ്മുടെ രാജ്യത്തേക്ക്, മറ്റ് രാജ്യങ്ങളിലൂടെയോ നേരിട്ടോ, അയക്കുന്നവർക്ക് വധശിക്ഷ നൽകുന്നതിലേക്ക് മാറാൻ പോകുന്നു എന്ന തരത്തിൽ ഞങ്ങൾ ഒരു പരിഹാരമുണ്ടാക്കാൻ പോകുകയാണെന്ന് ഞാൻ കരുതുന്നു”- ട്രംപ് കൂട്ടിച്ചേര്‍ത്തു.