
ലൊസാഞ്ചലസ്: റഫ്രിജറേറ്റര്‍, ക്യാമറ ഭാഗങ്ങള്‍ പോലുള്ള എന്ന് തെറ്റുധരിപ്പിച്ച് ഉത്തര കൊറിയയിലേക്ക് വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പെടെയുള്ള സൈനിക സാമഗ്രികള്‍ അനധികൃതമായി കയറ്റുമതി ചെയ്ത ചൈനീസ് പൗരന് ശിക്ഷ വിധിച്ച് യുഎസ് ഫെഡറല്‍ കോടതി.
കേസില്‍ എട്ട് വര്‍ഷമാണ് 42 കാരനായ ഷെങ്ഹുവ വെന്‍ എന്നയാള്‍ക്ക് തടവ് വിധിച്ചത്. കാലിഫോര്‍ണിയയിലെ ഒന്റാറിയോയില്‍ താമസിക്കുന്ന ഷെങ്ഹുവ വെന് ലൊസാഞ്ചലസിലെ കോടതിയാണ് ശിക്ഷ നല്‍കിയത്.
ഉത്തര കൊറിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചുവെന്ന് ഇയാള്‍ കഴിഞ്ഞ ജൂണില്‍ കുറ്റ സമ്മതം നടത്തിയിരുന്നു. രാജ്യാന്തര അടിയന്തര സാമ്പത്തിക അധികാര നിയമം ലംഘിക്കാന്‍ ഗൂഡാലോചന നടത്തിയെന്നും സമ്മതിച്ചു. 2024 സെപ്റ്റംബറില്‍, ഏകദേശം 60,000 റാണ്ട് വെടിയുണ്ടകള്‍ കടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ എഫ്ബിഐയുടെ പിടിയിലായത്.
2012ല്‍ സ്റ്റുഡന്റ് വീസയില്‍ അമേരിക്കയില്‍ പ്രവേശിച്ച വെന്‍, വീസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത് കഴിയുകയായിരുന്നു. 2022-ല്‍ ഒരു ഓണ്‍ലൈന്‍ മെസേജിങ് ആപ് വഴി ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥര്‍ വെനിനെ ബന്ധപ്പെടുകയും അമേരിക്കയില്‍ നിന്ന് തോക്കുകളും മറ്റ് തന്ത്രപ്രധാന സാങ്കേതിക വിദ്യകളും വാങ്ങി ചൈന വഴി ഉത്തര കൊറിയയിലേക്ക് കടത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഏകദേശം 2 മില്യന്‍ ഡോളര്‍ (ഏകദേശം 16 കോടിയിലധികം ഇന്ത്യന്‍ രൂപ) ഉത്തര കൊറിയന്‍ സര്‍ക്കാര്‍ ഇയാള്‍ക്ക് കൈമാറിയതായി പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു.