യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറിക്കും രക്ഷയില്ല ! ക്രിസ്റ്റി നോയിമിന്റെ ബാഗും 2.5 ലക്ഷം രൂപയും മോഷണം പോയി

വാഷിംഗ്ടണ്‍ : യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയിമിന്റെ ബാഗും 2.5 ലക്ഷം രൂപയും മോഷ്ടിച്ചു. ഞായറാഴ്ച രാത്രി വാഷിംഗ്ടണ്‍ ഡിസിയിലെ ഡൗണ്ടൗണില്‍ അത്താഴം കഴിക്കുന്നതിനിടെയാണ് ക്രിസ്റ്റി നോയിമിന്റെ ബാഗ് മോഷ്ടിക്കപ്പെട്ടത്. ബാഗില്‍ 3,000 ഡോളര്‍ (2.5 ലക്ഷത്തിലധികം രൂപ) പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഉള്‍പ്പെട്ടിരുന്നുവെന്ന് തിങ്കളാഴ്ച സിഎന്‍എന്നിനോട് അവര്‍ സ്ഥിരീകരിച്ചു. വാഷിംഗ്ടണ്‍ ഡിസിയിലെ ക്യാപിറ്റല്‍ ബര്‍ഗര്‍ എന്ന റെസ്റ്റോറന്റില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം.

ക്രിസ്റ്റി നോയിമിന്റെ ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ബാഡ്ജ്, 3,000 ഡോളര്‍ പണം, മേക്കപ്പ് വസ്തുക്കള്‍, ചെക്കുകള്‍, മരുന്ന് കുറിപ്പടി, അപ്പാര്‍ട്ട്‌മെന്റ് താക്കോലുകള്‍ എന്നിവ നഷ്ടപ്പെട്ട ബാഗില്‍ ഉണ്ടായിരുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നോയിമിന് സുരക്ഷ നല്‍കുന്ന സീക്രട്ട് സര്‍വീസ്, ക്യാപിറ്റല്‍ ബര്‍ഗര്‍ റെസ്റ്റോറന്റിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച ഒരു അജ്ഞാതന്‍ അവരുടെ സാധനങ്ങള്‍ മോഷ്ടിച്ച് റെസ്റ്റോറന്റില്‍ നിന്ന് കടന്നുകളഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.

മോഷ്ടാവ് ഏകദേശം വൈകുന്നേരം 7:55 ന് റസ്റ്റോറന്റില്‍ കടന്നു. മറ്റാര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഇയാള്‍ ക്രിസ്റ്റി നോയിമിന്റെ മേശയ്ക്കരുകില്‍ ഇരുന്നു. എന്നിട്ട് ആരുടേയും കണ്ണില്‍പ്പെടാതെ മേശയ്ക്കരുകിലുണ്ടായിരുന്ന അവരുടെ ബാഗ് കാലുകൊണ്ട് നീക്കി തനിക്ക് അടുത്തേക്ക് നീക്കിവെച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ ജാക്കറ്റിനടിയില്‍ ബാഗ് ഒളിപ്പിച്ച് മോഷ്ടാവ് കടന്നുകളയുകയായിരുന്നു.

തന്റെ കുടുംബത്തിന് അത്താഴവിരുന്ന് നല്‍കാനും ഈസ്റ്റര്‍ സമ്മാനങ്ങള്‍ നല്‍കാനും മറ്റുമായാണ് ഇത്രയും പണം കയ്യില്‍ കരുതിയിരുന്നതെന്നാണ് ക്രിസ്റ്റി നോയിമിന്റെ വിശദീകരണം.

More Stories from this section

family-dental
witywide