
വാഷിംഗ്ടണ്‍ : ആറ് വയസ്സുള്ള മകനെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടന്ന സിന്‍ഡി റോഡ്രിഗസ് സിങ്ങിനെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി ഡയറക്ടര്‍ കാഷ് പട്ടേല്‍ അറിയിച്ചു.
കൊലപാതകത്തിനു ശേഷം ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ കയറിയ സിന്‍ഡിയും ഭര്‍ത്താവും മറ്റ് രണ്ട് കുട്ടികളും രക്ഷപെടുകയായിരുന്നുവെന്നാണ് വിവരം.
വിവിധ കുറ്റങ്ങളില്‍ എഫ്ബിഐ ഏറ്റവും കൂടുതല്‍ തിരയുന്ന 10 പേരില്‍ ഒരാളായിരുന്നു സിന്‍ഡി. ഇവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 250,000 ഡോളര്‍ പാരിതോഷികം എഫ്ബിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 7 മാസത്തിനിടെ എഫ്ബിഐ ഏറ്റവുമധികം തിരഞ്ഞ നാലുപേരില്‍ ഒരാളായിരുന്നു ഇവരെന്ന് ഡയറക്ടര്‍ കാഷ് പട്ടേല്‍ എക്‌സില്‍ കുറിച്ചു.
സിന്‍ഡി റോഡ്രിഗസ് 1985 ല്‍ ടെക്‌സസിലെ ഡാളസിലാണ് ജനിച്ചത്. ആറ് വയസ്സുള്ള മകന്‍ നോയല്‍ അല്‍വാരസിനെ കൊലപ്പെടുത്തിയതിനാണ് അവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2022 ഒക്ടോബറിലാണ് കുട്ടിയെക്കുറിച്ച് അവസാനമായി വിവരം ലഭിച്ചത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം 2023 മാര്‍ച്ചിലാണ് കുട്ടിയെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് അന്വേഷണം നടക്കുകയായിരുന്നു.
തന്റെ മൂത്ത കുട്ടിയായ നോയല്‍ ദുഷ്ടനാണെന്നും, പിശാച് ബാധിച്ചവനാണെന്നും സിന്‍ഡി ആരോപിച്ചു. സിന്‍ഡിക്ക് ജനിച്ച ഇരട്ടക്കുട്ടികളെ നോയല്‍ കൊല്ലുമെന്ന് സിന്‍ഡി ഭയപ്പെട്ടിരുന്നതായി ചിലര്‍ പൊലീസിനോട് പറഞ്ഞു. നോയലിന്റെ വസ്ത്രമോ ഡയപ്പറോ മാറ്റാന്‍ സിന്‍ഡിക്ക് മടിയായിരുന്നുവെന്നും അതിനാല്‍ കുട്ടിക്ക് ഭക്ഷണവും വെള്ളവും നിഷേധിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. നോയലിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് സിന്‍ഡി പലരോടും പല കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. കുട്ടി കൊല്ലപ്പെട്ടു എന്നുതന്നെയാണ് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത്. ഇവരെ പിടികൂടിയതോടെ കുട്ടിക്ക് എന്ത് സംഭവിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരും.