
ന്യൂയോർക്ക്: കൊളംബിയ യൂണിവേഴ്സിറ്റിക്ക് കോളജ് റാങ്കിങ്ങിൽ കൃത്രിമം കാണിച്ച കേസിൽ 9 മില്യൻ ഡോളർ (ഏകദേശം 75 കോടി ഇന്ത്യൻ രൂപ) പിഴ ചുമത്തി. സർവകലാശാലയ്ക്കെതിരെയുള്ള പ്രധാന ആരോപണമായിരുന്നു തെറ്റായ വിവരങ്ങൾ നൽകി റാങ്കിങ്ങിൽ കൃത്രിമം കാണിച്ചു എന്നത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങൾ നൽകി റാങ്കിങ്ങിൽ ഉയർന്ന സ്ഥാനം നേടിയെടുക്കാൻ സർവകലാശാല ശ്രമിച്ചതായാണ് പരാതിയിൽ പറയുന്നത്. ഇത് വിദ്യാർഥികളുടെ പ്രവേശന തീരുമാനങ്ങളെ സ്വാധീനിച്ചെന്നും സാമ്പത്തികമായി ദോഷകരമായി ബാധിച്ചെന്നും ഹർജിക്കാർ ആരോപിച്ചു.
കേസ് ഒത്തുതീർപ്പാക്കാൻ കൊളംബിയ യൂണിവേഴ്സിറ്റി സമ്മതിക്കുകയായിരുന്നു. പിഴയായി ലഭിക്കുന്ന തുക പരാതിക്കാർക്കും കേസ് ചെലവുകൾക്കുമായി വിനിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. തങ്ങളുടെ റാങ്കിങ് വിവരങ്ങൾ കൂടുതൽ സുതാര്യമാക്കാനും കൃത്യത ഉറപ്പാക്കാനും പ്രതിജ്‌ഞാബദ്ധമാണെന്ന് കൊളംബിയ യൂണിവേഴ്സിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും യൂണിവേഴ്സിറ്റി വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ റാങ്കിങ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിട്ടുണ്ട്.










