
ആലപ്പുഴ : പാലക്കാട്ടെ എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല വേണ്ടെന്ന് കര്‍ശന നിലപാടുമായി എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐ. കുടിവെള്ള പ്രശ്‌നം പരിഹരിക്കാതെ പദ്ധതി നടപ്പാക്കരുതെന്നാണ് നിലപാട് വ്യക്തമാക്കിയത്. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് തീരുമാനം. നിലപാട് എല്‍ഡിഎഫ് നേതൃത്തെ അറിയിക്കും.
ഒയാസിസ് കമ്പനിക്ക് അനുമതിയെന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉറച്ചനിലപാടെടുക്കുമ്പോഴാണ് സിപിഐ വേണ്ട എന്നുപറയുന്നത്. വികസനം ആവശ്യമാണെങ്കിലും അതിലും പ്രധാനം കുടിവെള്ളമാണ്. ഇതിനകം ഉയര്‍ന്ന് വന്ന കുടിവെള്ള പ്രശ്‌നം അവഗണിക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി നിലപാട്.
അനുമതിക്കെതിരെ നിലപാട് കര്‍ശനമാക്കിയ പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ് തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനം.
ഭൂഗര്‍ഭജലമെടുക്കാതെയാണ് പദ്ധതിയുടെ നിര്‍മ്മാണമെന്ന് എക്‌സൈസ് മന്ത്രി വിശദീകരിച്ചതായി പാര്‍ട്ടി മന്ത്രിമാര്‍ യോഗത്തെ അറിയിച്ചു. പക്ഷേ ഭൂരിപക്ഷം അംഗങ്ങളും ആശങ്ക തീര്‍ക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമാക്കി.