
ന്യൂഡൽഹി : സി പി ഐ ജനറൽ സെക്രട്ടറി പദത്തിൽ ഡി രാജ തുടരും. ഇന്നലെ രാത്രി വൈകി നിർവാഹക സമിതി യോഗത്തിലാണു തീരുമാനം. സെക്രട്ടേറിയറ്റ് അംഗങ്ങൾക്കെല്ലാം പ്രായപരിധി ബാധകമാക്കിയെങ്കിലും രാജയ്ക്കുമാത്രം ഇളവ് അനുവദിച്ചു.
അതേസമയം, ഡി. രാജ ഒഴിയണമെന്നും പ്രായപരിധി കൃത്യമായി പാലിക്കണമെന്നും കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. എഴുപത്തഞ്ച് കഴിഞ്ഞവർ മാറണം എന്ന് സിപിഐ പാർട്ടി കോൺഗ്രസിൽ കേരള ഘടകം നിർദേശം വച്ചിരുന്നു. ദേശീയ കൗൺസിലിൽ അടക്കം പ്രായപരിധി കർശനമായി നടപ്പാക്കണം എന്നായിരുന്നു കേരള ഘടകത്തിന്റെ നിലപാട്. കേരളത്തിൽ പ്രായപരിധി നടപ്പാക്കിയതാണ് നേതാക്കൾ ഉയർത്തിക്കാട്ടിയത്.
രാജ്യത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് പാർട്ടികളുടെ തലപ്പത്തെത്തിയ ആദ്യ ദലിത് നേതാവായ രാജ 2019 മുതൽ ജനറൽ സെക്രട്ടറിയാണ്. സുധാകർ റെഡ്ഡി സ്ഥാനമൊഴിഞ്ഞപ്പോഴാണ് ആദ്യ അവസരം ലഭിച്ചത്. 2022ൽ വിജയവാഡ പാർട്ടി കോൺഗ്രസിലും രാജ ജനറൽ സെക്രട്ടറിയായി.