
വാഷിംഗ്ടണ്‍: അടുത്ത ആഴ്ചയാണ് യുഎസ് നിയുക്ത പ്രസിഡന്റ് അധികാരമേല്‍ക്കുന്നത്. അതിനുശേഷം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കഴിയുന്നത്ര വേഗത്തില്‍ കൂടിക്കാഴ്ച നടത്തുമെന്ന് ഡോണള്‍ഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു.
കൂടിക്കാഴ്ച കൃത്യമായി എന്നു നടക്കും എന്നതിനെക്കുറിച്ച് ട്രംപ് വിശദാംശങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, 2022 ഫെബ്രുവരിയില്‍ റഷ്യയുടെ ഉക്രെയ്നുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരിക്കും ഇത്.
യുദ്ധം അവസാനിപ്പിക്കാന്‍ ഒരു തന്ത്രമേയുള്ളുവെന്നും അത് പുടിന്റെ തീരുമാനമാണെന്നും ട്രംപ് പറയുന്നു. അതേസമയം, വരും ദിവസങ്ങളില്‍ ട്രംപും പുടിനും തമ്മില്‍ ഒരു ഫോണ്‍ സംഭാഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിയുക്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവ് യുഎസ് കോണ്‍ഗ്രസുകാരന്‍ മൈക്ക് വാള്‍ട്ട്‌സ് ഞായറാഴ്ച പ്രതികരിച്ചു.
റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമാകുകയും നാടും വീടും എല്ലാം ഉപേക്ഷിച്ച് ദശലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യാനും കാരണമായി. റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഏറ്റവും വലിയ വിള്ളലിനും ഇത് കാരണമായിട്ടുണ്ട്.