
ലണ്ടൻ: ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 22 റൺസിന്റെ ഹൃദയഭേദക തോൽവി. 193 റൺസ് വിജയലക്ഷ്യവുമായി അവസാന ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, 170 റൺസിന് ഓൾ ഔട്ടായി. രവീന്ദ്ര ജഡേജയുടെ (61*) ഗംഭീരമായ അർധസെഞ്ചുറിയും മുഹമ്മദ് സിറാജിന്റെ (4) അവസാനവരെയുള്ള ചെറുത്തുനിൽപ്പും ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചെങ്കിലും നിർഭാഗ്യം ഇന്ത്യയുടെ വിജയം തട്ടിത്തെറിപ്പിക്കുകയായിരന്നു. ഷോയിബ് ബഷീറിന്റെ പന്ത് സിറാജ് പ്രതിരോധിച്ചെങ്കിലും, ഗ്രൗണ്ടിൽ വീണ പന്ത് വിക്കറ്റിൽ തട്ടിയതോടെയാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇംഗ്ലീഷ് താരങ്ങളുടെ വിജയാഘോഷങ്ങൾക്കിടയിൽ, സിറാജ് വിശ്വസിക്കാനാവാതെ നിൽക്കുന്ന ചിത്രം ഇന്ത്യൻ ആരാധകരെ നൊമ്പരപ്പെടുത്തുന്നതാണ്. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി.
ആദ്യ ഇന്നിംഗ്സിൽ ഇരു ടീമുകളും 387 റൺസ് വീതം നേടിയതോടെ മത്സരം തുല്യനിലയിലായിരുന്നു. ഇന്ത്യയ്ക്കായി കെ.എൽ. രാഹുൽ (100), റിഷഭ് പന്ത് (74), രവീന്ദ്ര ജഡേജ (72) എന്നിവർ മികച്ച പ്രകടനം നടത്തി. എന്നാൽ, ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ വാഷിംഗ്ടൺ സുന്ദറിന്റെ (4/22) മികവിൽ 192 റൺസിന് പുറത്താക്കി. ഇന്ത്യയുടെ വിജയലക്ഷ്യം 193 റൺസായിരുന്നു. അവസാന ദിനം 58/4 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് കെ.എൽ. രാഹുൽ (39), റിഷഭ് പന്ത് (9), വാഷിംഗ്ടൺ സുന്ദർ (7) എന്നിവരെ വേഗം നഷ്ടമായി. എന്നിരുന്നാലും, ജഡേജയുടെ പോരാട്ടവും നിതീഷ് കുമാർ റെഡ്ഡി (14), ജസ്പ്രീത് ബുംറ (8) എന്നിവരുടെ ചെറുത്തുനിൽപ്പും പ്രതീക്ഷകൾ നിലനിർത്തി.
ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കിയ ജഡേജയുടെ അർധസെഞ്ചുറിയും വാലറ്റത്തിന്റെ പിന്തുണയും മത്സരത്തെ ആവേശകരമാക്കി. എന്നാൽ, നിതീഷും ബുംറയും വീണതോടെ കളി കൈവിട്ടെന്ന അവസ്ഥയിലായി. അതിശക്തമായി പ്രതിരോധിച്ച മുഹമ്മദ് സിറാജിന്റെ വിക്കറ്റ് ദൗർഭാഗ്യകരമായി നഷ്ടമായപ്പോൾ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. രണ്ടിന്നിംഗ്സിലുമായി നായകൻ ബെൻ സ്റ്റോക്സിന്റെ (5/77) ബൗളിംഗ് മികവാണ് ഇംഗ്ലണ്ടിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. പരമ്പരയിലെ നാലാം ടെസ്റ്റ് ഈ മാസം 23 മുതൽ മാഞ്ചസ്റ്ററിൽ നടക്കും.