ലീഡ്‌സ്: ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന വിജയം. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയലക്ഷ്യം അഞ്ചു വിക്കറ്റ് ബാക്കി നിൽക്കെ ഇംഗ്ലണ്ട് സ്വന്തമാക്കി. സെഞ്ചുറി നേടിയ ബെൻ ഡക്കറ്റ് ആണ് ആതിഥേയരുടെ വിജയശില്പി. സാക് ക്രോളി (65) ജോ റൂട്ട് (53) ജാമി സ്മിത്ത് (44) എന്നിവരുടെ പ്രകടനവും ജയത്തിൽ നിർണായകമായി. 5 മത്സര പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലായി.
ഇതോടെ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ ഗിൽ യുഗത്തിന് തോൽവിയോടെ തുടക്കം. ക്യാപ്റ്റനായുള്ള ഗില്ലിന്റെ ആദ്യമത്സരമായിരുന്നു ഇത്. ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടിയ ശേഷമാണ് ഇന്ത്യയുടെ തോൽവി. കഴിഞ്ഞ 9 ടെസ്റ്റിനിടെ ഇന്ത്യയുടെ ഏഴാം തോൽവിയാണിത്. വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി ഓപ്പണർമാരായ സാക് ക്രോളിയും ബെൻ ഡക്കറ്റും മികച്ച തുടക്കമാണ് നൽകിയത്. അർധ സെഞ്ചുറി നേടിയ ക്രോളിയെ 43-ാം ഓവറിൽ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഒടുവിൽ ഈ കൂട്ടുകെട്ട് പൊളിച്ചത്.
126 പന്തിൽ നിന്ന് ഏഴ് ബൗണ്ടറിയടക്കം 65 റൺസെടുത്താണ് ക്രോളി മടങ്ങിയത്. സെഞ്ചുറി തികച്ച ഡക്കറ്റ് സ്‌കോറിങ് വേഗത്തിലാക്കി. 170 പന്തിൽ നിന്ന് 149 റൺസെടുത്ത ഡക്കറ്റിനെ ഒടുവിൽ ശാർദുൽ താക്കൂർ പുറത്താക്കി. 21 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഡക്കറ്റിന്റെ ഇന്നിങ്സ്. റൂട്ട് 53* റൺസോടെയും സ്മിത്ത് 44* റൺസോടെയും പുറത്താകാതെ നിന്നു. നിരവധി ക്യാച്ചുകൾ പാഴാക്കിയതും ഇന്ത്യൻ തോൽവിക്ക് കാരണമായി.
സ്കോർ: ഇന്ത്യ-471& 364, ഇംഗ്ലണ്ട്– 465& 373/5










