
വാഷിംഗ്ടൺ: ജനിക്കുന്നതോടെ ലഭിക്കുന്ന പൗരത്വം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിന് രാജ്യവ്യാപകമായി പുതിയ വിലക്കേർപ്പെടുത്തി ഫെഡറൽ ജഡ്ജി ജോസഫ് ലാപ്ലാന്‍റ് ഉത്തരവിട്ടു. സുപ്രീം കോടതി കഴിഞ്ഞ മാസം കീഴ്ക്കോടതി ജഡ്ജിമാരുടെ രാജ്യവ്യാപകമായ നിരോധനാജ്ഞ പുറപ്പെടുവിക്കാനുള്ള അധികാരം പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ, ക്ലാസ് ആക്ഷൻ കേസുകളിലൂടെ ഉത്തരവിന് വ്യാപകമായ വിലക്ക് തേടാനുള്ള വാദികളുടെ കഴിവ് നിലനിർത്തിയിരുന്നു.
പ്രതിരോധിക്കാനാവാത്ത ഹാനിയുണ്ടായേക്കാം എന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് ജില്ലാ ജഡ്ജി ജോസഫ് ലാപ്ലാന്‍റ് ഈ വിധി പുറപ്പെടുവിച്ചത്. പൗരത്വ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകരുടെ ആവശ്യം പരിഗണിച്ച്, ‘പൗരത്വം നിഷേധിക്കപ്പെട്ടവർ മാത്രം ഉൾപ്പെടുന്ന’ ഒരു രാജ്യവ്യാപക ക്ലാസ് അംഗീകരിക്കുന്നതിന് ലാപ്ലാന്‍റ് അനുമതി നൽകി. കൂടാതെ, ട്രംപിന്റെ “ഡേ വൺ” ഉത്തരവ് നടപ്പിലാക്കുന്നത് അനിശ്ചിതകാലത്തേക്ക് തടഞ്ഞുകൊണ്ട് ഒരു പ്രാഥമിക നിരോധനാജ്ഞയും പുറപ്പെടുവിച്ചു. ഈ നയം ജനിച്ചതും ജനിക്കാനിരിക്കുന്നതുമായ കുട്ടികളെ ബാധിക്കുമായിരുന്ന സാഹചര്യത്തിലാണ് ഈ നടപടി.
ഈ പ്രാഥമിക നിരോധനാജ്ഞ കോടതിക്ക് ഒരു തർക്കവിഷയമല്ലെന്ന് വാദം കേൾക്കുന്നതിനിടെ ലാപ്ലാന്‍റ് പറഞ്ഞു. യുഎസ് പൗരത്വം ലോകത്തിലെ ഏറ്റവും വലിയ പദവിയാണ് എന്നും ജഡ്ജി കൂട്ടിച്ചേർത്തു. മുൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷിന്റെ കാലത്ത് നിയമിതനായ ജഡ്ജി, തന്‍റെ ഉത്തരവിനെതിരെ ട്രംപ് ഭരണകൂടത്തിന് അപ്പീൽ നൽകാൻ സമയം നൽകുന്നതിനായി വിധിക്ക് താൽക്കാലിക വിരാമം നൽകുമെന്നും അറിയിച്ചു.