
ന്യൂഡല്‍ഹി : ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് (79) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം ആര്‍കെ പുരത്തുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോകും, നാളെ ലോധി ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.
1980-ല്‍ ചരണ്‍ സിംഗ് നയിച്ച ലോക്ദള്‍ അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. എന്നാല്‍ 1984-ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു, പിന്നീട് 1986-ല്‍ അദ്ദേഹം രാജ്യസഭയിലേക്ക് എത്തി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ ഇദ്ദേഹമായിരുന്നു ജമ്മു കശ്മീര്‍ ഗവര്‍ണര്‍. ഗോവയുടെയും മേഘാലയയുടെയും ഗവര്‍ണറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. സജീവ രാഷ്ട്രീയക്കാരനായിരുന്ന സത്യപാല്‍ മാലിക് വിവാദങ്ങളില്‍ പെടുന്നത് സാധാരണമായിരുന്നു. ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ അഴിമതിയെക്കുറിച്ചും 2019-ലെ പുല്‍വാമ ആക്രമണത്തെക്കുറിച്ചും അദ്ദേഹം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
പുല്‍വാമ ആക്രമണം നടക്കുമ്പോള്‍ കശ്മീര്‍ ഗവര്‍ണറായിരുന്നു സത്യപാല്‍ മാലിക്. പുല്‍വാമയില്‍ 2019 ഫെബ്രുവരിയില്‍ 40 സിആര്‍പിഎഫ് അംഗങ്ങളുടെ മരണത്തിന് കാരണമായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ ഇദ്ദേഹം രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയാണ് ആക്രമണത്തിനു കാരണമെന്ന് മോദിയോടു ചൂണ്ടിക്കാട്ടിയപ്പോള്‍ തല്‍ക്കാലം മിണ്ടാതിരിക്കാനാണു മറുപടി ലഭിച്ചതെന്ന ഇദ്ദേഹത്തിന്റെ ആരോപണം ചര്‍ച്ചയായിരുന്നു.