
തിരുപ്പതി: ആന്ധ്രയിലെ പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലുംപെട്ട് 6 പേർ മരിച്ചു. മരണപ്പെട്ടതിൽ നാല് പേർ സ്ത്രീകളാണെന്നാണ് വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതിൽ 20 പേർക്ക് ഗുരുതര പരിക്കാണെന്നാണ് സൂചന. പരിക്കേറ്റ ആളുകളെ തൊട്ടടുത്ത് ഉള്ള റൂയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഉയരുമോയെന്ന് ആശങ്കയുണ്ട്.
വൈകുണ്ഠ ഏകാദശി ടോക്കണ്‍ നല്‍കുന്ന കൗണ്ടറിലാണ് തിക്കുംതിരക്കുമുണ്ടായത്. ടോക്കണ്‍ വിതരണം തുടങ്ങിയതോടെ ഉണ്ടായ തിക്കും തിരക്കുമാണ് അപകടത്തിന് കാരണം. വരി തെറ്റിച്ച് ഭക്തര്‍ കൂട്ടത്തോടെ അകത്തേക്ക് കയറാൻ ശ്രമിച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്. ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയിരുന്നത്. രാവിലെ മുതൽ തിരുപ്പതിയിലെ ടിക്കറ്റ് കൗണ്ടറുകളില്‍ ഭക്തജനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. അതുകൊണ്ടുതന്നെ ടോക്കൺ കൗണ്ടർ തുറന്നപ്പോൾ ഭക്തർ ഇരച്ചുകയറുകയായിരുന്നു.
സ്ഥലത്തെ സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിഷയത്തിൽ ഇടപെട്ടു. കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ നിർദേശം നൽകി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അടക്കം സ്ഥലത്തേക്ക് നിയോഗിച്ചതായും തിരുപ്പതി തിരുമല അധികൃതരുമായി സംസാരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. പരിക്കേറ്റവർക്ക് ഉടൻ തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കാനും നായിഡു കർശന നിർദേശം നൽകിയിട്ടുണ്ട്.