തിരുപ്പതി ക്ഷേത്രത്തിലെ അപകടം : ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്ര മുഖ്യമന്ത്രി, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 25 ലക്ഷം

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലുണ്ടായ ആറുപേര്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു. അപകടത്തില്‍ 33 പേര്‍ക്കു പരുക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.

”തിരുപ്പതിയിലെ നിരീക്ഷണ സംവിധാനത്തില്‍ ചില പോരായ്മകള്‍ കണ്ടെത്തി. സുഗമമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ട തിരുപ്പതി എസ്പി, തിരുമല തിരുപ്പതി ദേവസ്ഥാനം ജോയിന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. മറ്റൊരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി”ചന്ദ്രബാബു നായിഡു പറഞ്ഞു. ദുരന്തസ്ഥലവും പരുക്കേറ്റവരെയും സന്ദര്‍ശിച്ചതിനു പിന്നാലെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 25 ലക്ഷം വീതം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരുക്കേറ്റവര്‍ക്കു 2 ലക്ഷം വീതം സാമ്പത്തികസഹായം നല്‍കും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തു