
കണ്ണൂര്‍ : സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും സുലഭമായി ലഭിക്കുന്നുണ്ടെന്ന് ജയില്‍ ചാടി പിടിക്കപ്പെട്ട കുറ്റവാളി ഗോവിന്ദച്ചാമി. ജയില്‍ പുള്ളികള്‍ക്ക് എല്ലാ സൗകര്യവും ലഭിക്കുമെന്നാണ് ഇയാള്‍ നല്‍കുന്ന വിവരം. കണ്ണൂര്‍ ജയിലില്‍ തടവുകാര്‍ക്ക് യഥേഷ്ടം ലഹരി വസ്തുക്കള്‍ ലഭിക്കുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇതിന് ബലം നല്‍കുന്ന മൊഴിയാണ് ഗോവിന്ദച്ചാമിയും ഇപ്പോള്‍ നല്‍കുന്നത്. ലഹരി വസ്തുക്കള്‍ എത്തിച്ചു നല്‍കാന്‍ പുറത്ത് ആളുകളുണ്ടെന്നും മൊബൈല്‍ ഉപയോഗിക്കാനും ജയിലില്‍ സൗകര്യമുണ്ടെന്നും ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
അതേസമയം, ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി കണ്ണൂര്‍ ജയിലിനുള്ളിലിരുന്ന് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. സിപിഎം നേതാക്കളായ ജയില്‍ ഉപദേശക സമിതി അംഗങ്ങളുടെ ഇടപെടലിലാണ് ജയിലില്‍ വഴിവിട്ട കാര്യങ്ങള്‍ നടക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.
ഗോവിന്ദച്ചാമിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.