ക്ലബ്ബിൽ ട്രംപിന്‍റെ വിശ്വസ്തർ തമ്മിൽ വാക്കേറ്റം, മുഖത്തടിക്കും എന്ന് ബിൽ പുൾട്ടെയെ ഭീഷണിപ്പെടുത്തി സ്കോട്ട് ബെസന്‍റ്

വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വിശ്വസ്തരുടെ അത്താഴവിരുന്നിൽ അദ്ദേഹത്തിന്‍റെ രണ്ട് മുതിർന്ന സാമ്പത്തിക ഉദ്യോഗസ്ഥർ തമ്മിൽ വാക്കേറ്റമുണ്ടായെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റും ഫെഡറൽ ഹൗസിംഗ് ഫിനാൻസ് ഏജൻസി ഡയറക്ടർ ബിൽ പുൾട്ടെയും തമ്മിലായിരുന്നു തർക്കം. ഇതിനിടെ ബിൽ പുൾട്ടെയുടെ “മുഖത്തടിക്കും” എന്ന് സ്കോട്ട് ബെസന്റ് ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ട്രംപിൻ്റെ അടുത്ത വൃത്തങ്ങൾ സ്ഥാപിച്ച ഒരു സ്വകാര്യ ക്ലബ്ബായ എക്സിക്യൂട്ടീവ് ക്ലബ്ബിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രസിഡന്റിനോട് തനിക്കെതിരെ മോശം കാര്യങ്ങൾ പറഞ്ഞെന്ന് ബെസന്റ് പുൾട്ടെയെ ആരോപിച്ചു. “എന്തിനാണ് നീ എന്നെക്കുറിച്ച് പ്രസിഡന്റിനോട് സംസാരിക്കുന്നത്?,” എന്ന് ബെസന്റ് ആക്രോശിച്ചു. “ഞാൻ നിന്റെ മുഖത്തടിക്കും,” എന്നും ബെസന്റ് പറഞ്ഞു.

സ്വകാര്യ സംഭാഷണങ്ങളിൽ പുൾട്ടെ തന്നെ തുരങ്കം വെക്കുകയാണെന്ന് ബെസന്റ് വിശ്വസിച്ചിരുന്നു. ഇത് ബെസന്റിനെ ആഴ്ചകളോളം “അസന്തുഷ്ടനാക്കി”യെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. അത്താഴവിരുന്നിനിടെ ഈ തർക്കം പെട്ടെന്ന് വഷളായി. “അവൻ ഇവിടെനിന്ന് പുറത്തുപോകണം, അല്ലെങ്കിൽ ഞാൻ പോകാം. അല്ലെങ്കിൽ നമുക്ക് പുറത്തുപോകാം,” എന്ന് ബെസന്റ് ആവശ്യപ്പെട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

“എന്തിന്? സംസാരിക്കാനോ?” എന്ന് പുൾട്ടെ ചോദിച്ചു. “അല്ല. ഞാൻ നിന്നെ ശരിക്കും കൈകാര്യം ചെയ്യാൻ പോകുന്നു,” എന്ന് ബെസന്റ് മറുപടി നൽകി. ഇരുവരുടെയും തർക്കം ക്ലബ്ബിന്റെ സഹ ഉടമസ്ഥനായ ഒമീദ് മാലിക്കിനെ ഇടപെടാൻ നിർബന്ധിതനാക്കിയെന്ന് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. മർദ്ദനമൊന്നും ഉണ്ടായില്ല. ബെസന്റ് അൽപ്പനേരം പുറത്തേക്ക് പോയ ശേഷം അത്താഴവിരുന്നിന് തിരികെയെത്തി. ഈ സംഭവം അവിടെയുണ്ടായിരുന്നവരെ അമ്പരപ്പിച്ചു.

More Stories from this section

family-dental
witywide