
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മെഗാ നൃത്തപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോൾ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൃക്കാക്കര എം എൽ എ ഉമ തോമസിന്‍റെ ആരോഗ്യാവസ്ഥയിൽ വൻ പുരോഗതിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആശുപത്രിയിലെത്തി എംഎല്‍എയെ സന്ദര്‍ശിച്ച ശേഷമുള്ള വീണ ജോര്‍ജിന്‍റെ പ്രതികരണം ഏവരെയും അത്രമേൽ സന്തോഷിപ്പിക്കുന്നതാണ്. ഉമ തോമസിന്‍റെ ആരോഗ്യസ്ഥിതിയില്‍ വലിയ പുരോഗതിയുണ്ടെന്ന് പറഞ്ഞ മന്ത്രി, ഉമ തോമസ് ബെഡില്‍ നിന്ന് എഴുന്നേറ്റ് കസേരയിൽ ഇരുന്നെന്നും വിവരിച്ചു.
പരസഹായത്തോടെയാണെങ്കിലും കിടക്കയിൽ ഇരിക്കാവുന്ന അവസ്ഥയിലേക്ക് എത്തിയത് വലിയ ആശ്വാസമാണ്. ഇന്‍ഫെക്ഷന്‍ കൂടിയിട്ടില്ലെന്നത് ആശ്വാസകരമാണെന്നും വീണ ജോര്‍ജ് പറഞ്ഞു. അടുത്ത ഒരാഴ്ച കൂടി ഉമ തോമസ് ഐ സി യുവിൽ തുടരും. മകനോട് നിയമസഭ സമ്മേളനത്തെ കുറിച്ച് എംഎൽഎ സംസാരിച്ചെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് വിവരിച്ചു. എത്രയും വേഗം തന്നെ ഉമ തോമസ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്നും വീണ കൂട്ടിച്ചേർത്തു.













