
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിലുള്ള അതി നിർണായകമായ അലാസ്ക ഉച്ചകോടിക്ക് ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിക്കാണ് ലോകം മുഴുവൻ ഉറ്റുനോക്കുന്ന ട്രംപും പുടിനും തമ്മിലുള്ള ചർച്ച ആരംഭിക്കുക. ഉപദേശകരില്ലാതെ നേരിട്ട് നടക്കുന്ന ഈ കൂടിക്കാഴ്ചയിൽ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിക്കുമോ എന്നാണ് അറിയാനുള്ളത്. യുദ്ധവുമായി ബന്ധപ്പെട്ട് മാത്രമല്ല, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഭാവിയെ സ്വാധീനിക്കുന്ന തീരുമാനങ്ങൾ, പ്രത്യേകിച്ച് എണ്ണ ഇറക്കുമതി സംബന്ധിച്ച്, ഈ ചർച്ചയിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയ്ക്ക് അമേരിക്ക 25 ശതമാനം പിഴ തീരുവ ചുമത്തിയത് റഷ്യയെ സ്വാധീനിച്ചതായി ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടർന്നാൽ 21 ദിവസത്തിനുള്ളിൽ കൂടുതൽ പിഴ തീരുവ ചുമത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പാണ് ഈ കൂടിക്കാഴ്ചയ്ക്ക് പശ്ചാത്തലമാകുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിലൂടെ യുക്രൈനിൽ നിരപരാധികളെ കൊല്ലാൻ ഉപയോഗിക്കുന്ന പണമാണ് ഇന്ത്യ നൽകുന്നതെന്നാണ് അമേരിക്കയുടെ വാദം. ഈ സാഹചര്യത്തിൽ, തന്റെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെടുമോ എന്ന റഷ്യയുടെ ആശങ്കയാണ് പുടിനെ ചർച്ചയ്ക്ക് പ്രേരിപ്പിച്ചതെന്ന് ട്രംപ് അവകാശപ്പെടുന്നു.
ഈ കൂടിക്കാഴ്ചയുടെ ഫലങ്ങൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഉറ്റുനോക്കുകയാണ്. സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ആവശ്യമെങ്കിൽ എല്ലാവിധ സഹായവും നൽകാൻ തയ്യാറാണെന്നും ഇന്ത്യ കഴിഞ്ഞ ദിവസം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനും എണ്ണ ഇറക്കുമതി സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നതിനും ഈ ചർച്ച നിർണായകമാകുമെന്നാണ് ലോക രാഷ്ട്രങ്ങൾ പ്രതീക്ഷിക്കുന്നത്. അലാസ്കയിൽ നടക്കുന്ന ഈ കൂടിക്കാഴ്ച ആഗോള രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയേക്കാം.














