
വാഷിംഗ്ടൺ: ഹമാസിന്‍റെ തടവിലുള്ള 20ൽ താഴെ ഇസ്രായേലി ബന്ദികൾ മാത്രമാണ് ജീവനോടെയുള്ളതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഈ ആഴ്ച ഓവൽ ഓഫീസിൽ നടന്ന പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
മാസങ്ങളായി, 50-ഓളം ഇസ്രായേലികൾ ഹമാസിന്റെ തടവിലുണ്ടെന്നും അതിൽ 20 പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ, യഥാർത്ഥ സംഖ്യ ഇതിലും കുറവായിരിക്കാമെന്ന് ട്രംപ് പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
“ഇപ്പോൾ അവരുടെ കൈവശം 20 പേരുണ്ട്,” ട്രംപ് പറഞ്ഞു. “പക്ഷേ, ആ 20 പേർ പോലും യഥാർത്ഥത്തിൽ 20 പേരുണ്ടോ എന്ന് ഉറപ്പില്ല. കാരണം, അവരിൽ ചിലർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടാവില്ല. ഇതൊരു ഭയാനകമായ കാര്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യം ഒരുതരം ‘ഭീഷണിപ്പെടുത്തലാണ്’ എന്ന് പറഞ്ഞ ട്രംപ് ഇത് എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ബന്ദികളെ മോചിപ്പിക്കാൻ സൈനിക നടപടി സ്വീകരിക്കുന്നതാണ് ചർച്ചകൾ തുടരുന്നതിനേക്കാൾ സുരക്ഷിതമെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘നിങ്ങൾ അതിവേഗം മുന്നോട്ട് പോവുകയാണെങ്കിൽ, പല തരത്തിൽ അവർ കൂടുതൽ സുരക്ഷിതരായിരിക്കുമെന്ന് ഞാൻ കരുതുന്നു’ ട്രംപ് പറഞ്ഞു.
ഓരോ ജീവനും വിലപ്പെട്ടതാണെന്ന് ബന്ദികളുടെ കുടുംബങ്ങൾ നിലപാട് എടുക്കുമ്പോഴാണ് ട്രംപിന്റെ ഈ പരാമർശം. ബന്ദികളുടെ കുടുംബങ്ങളും കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഫോറവും ഒരു പ്രസ്താവനയിലൂടെ ഇതിനോട് പ്രതികരിച്ചു. “മിസ്റ്റർ പ്രസിഡന്‍റ്, 50 ബന്ദികൾ ഇപ്പോഴും ഗാസയിൽ ഹമാസിന്‍റെ കൈകളിലുണ്ട്. ഞങ്ങൾക്ക് ഓരോരുത്തരും ഓരോ ലോകമാണ്,” പ്രസ്താവനയിൽ പറയുന്നു.