
സന: യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹൂതി നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സനായിലെ ഒരു അപ്പാർട്ട്മെന്റിന് നേരെ നടന്ന ആക്രമണത്തിൽ അൽ റഹാവിക്കൊപ്പം നിരവധി ഹൂതി നേതാക്കളും കൊല്ലപ്പെട്ടുവെന്ന് യെമനി മാധ്യമങ്ങളായ അൽ ജുംഹൂരിയ ചാനലും ഏദൻ അൽ ഗദ് പത്രവും റിപ്പോർട്ട് ചെയ്തു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനായിൽ ഇസ്രയേൽ ആക്രമണം നടത്തുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഇസ്രയേൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
2014 മുതൽ യെമനിൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ വടക്കൻ പ്രദേശങ്ങൾ, സന ഉൾപ്പെടെ, ഇറാന്റെ പിന്തുണയോടെ ഹൂതികൾ ഭരിക്കുന്നു. തെക്കൻ നഗരമായ ഏദനിൽ ആസ്ഥാനമിട്ട് പ്രസിഡന്റ് റഷാദ് അൽ-അലിമിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സംഘടനകൾക്കൊപ്പം ഇസ്രയേൽ വിരുദ്ധ സഖ്യത്തിന്റെ ഭാഗമാണ് ഹൂതികൾ. വ്യാഴാഴ്ച നടന്ന ആക്രമണം ഹൂതി രാഷ്ട്രീയ-സൈനിക നേതാക്കളുടെ യോഗത്തെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.