ആശുപത്രിക്ക് നേരെയുള്ള മിസൈല്‍ ആക്രമണം : യുദ്ധക്കുറ്റമാണെന്ന് ഇസ്രായേല്‍ ആരോഗ്യ മന്ത്രി

ന്യൂഡല്‍ഹി : ഇസ്രയേലിലെ ആശുപത്രിക്ക് നേരെയുള്ള ഇറാന്റെ മിസൈല്‍ ആക്രമണം ഒരു യുദ്ധക്കുറ്റമാണെന്ന് ഇസ്രായേല്‍ ആരോഗ്യ മന്ത്രി യൂറിയല്‍ ബുസോ. ബീര്‍ഷെബയിലെ സൊറോക്ക മെഡിക്കല്‍ സെന്ററിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം ‘ഭീകരപ്രവര്‍ത്തനം’ എന്നും ‘യുദ്ധക്കുറ്റം’ എന്നും ഇസ്രായേല്‍ ആരോഗ്യ മന്ത്രി അപലപിച്ചു. മാത്രമല്ല, ഇറാന്‍ സാധാരണക്കാരെ മനഃപൂര്‍വ്വം ലക്ഷ്യംവെച്ചതായും മന്ത്രി ആരോപിച്ചു.

‘സൊറോക്ക മെഡിക്കല്‍ സെന്ററിന് നേരെ തൊടുത്തുവിട്ട മിസൈല്‍ ഭീകരപ്രവര്‍ത്തനമാണെന്നും അത് ഒരു ചുവപ്പ് രേഖ ലംഘിക്കുന്നുവെന്നും’ ആരോഗ്യ മന്ത്രി എടുത്തുപറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ടിലുണ്ട്.

ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നു. ഇരു രാജ്യങ്ങളും വിട്ടുവീഴ്ചയില്ലാത്ത ആക്രമണമാണ് നടത്തുന്നത്. ഇറാനിലെ പ്രധാന ആണവ കേന്ദ്രമായ അരാക് ഹെവി വാട്ടര്‍ റിയാക്ടറില്‍ ഇസ്രയേല്‍ ആക്രമണം നടത്തി.

വ്യാഴാഴ്ച രാവിലെയോടെ ജറുസലേമിലും ടെല്‍ അവീവിലും ശക്തമായതും തുടര്‍ച്ചയായതുമായ സ്‌ഫോടനങ്ങള്‍ കേട്ടതായി എഎഫ്പി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിന്റെ പല ഭാഗങ്ങളിലും സൈറണുകള്‍ മുഴങ്ങിയെന്നും സുരക്ഷിത ഇടങ്ങളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശമെന്നും ഇസ്രയേല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.