കുരുതിക്കളമായി വീണ്ടും ഗാസ, ഇസ്രയേൽ ആക്രമണത്തിൽ ജീവൻ നഷ്ടമായത് 506 പേർക്ക്; ഉത്തരവാദി ഹമാസെന്ന് യുഎസ്

ഗാസ: ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇന്ന് 95 പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് ഗാസ ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 592 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. 900 ലേറെ പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൂര്‍ണ ശക്തിയോടെ പോരാട്ടം വീണ്ടും ആരംഭിച്ചു എന്നാണ് വ്യോമാക്രമണത്തെ സംബന്ധിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്.

ജനുവരി 19ന് തുടങ്ങിയ ഒന്നാം ഘട്ട വെടിനിർത്തലിന്‍റെ സമയ പരിധി അവസാനിക്കുകയും രണ്ടാം ഘട്ട ചർച്ചകൾ അലസിപ്പിരിയുകയും ചെയ്തതോടെയാണ് കാര്യങ്ങൾ വീണ്ടും വഷളായത്. സമാധാന കരാർ തകർന്നതിനു കാരണക്കാർ ഹമാസ് ആണെന്നാണ് ഇസ്രയേലിന്‍റെ കുറ്റപ്പെടുത്തൽ. എന്നാല്‍, ഇസ്രയേൽ ആണ് കാരണമെന്ന് ഹമാസും മറുപടി നൽകുന്നു.

രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയാറായില്ലെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. തങ്ങൾ മുന്നോട്ടുവെച്ച ന്യായമായ ഉപാധികൾ ഇസ്രയേൽ അംഗീകരിച്ചില്ലെന്നാണ് ഹമാസിന്‍റെ വാദം. അങ്ങനെ ചർച്ച അലസിപ്പിരിഞ്ഞതിന് ശേഷമാണ് ഗാസയിലെ വീണ്ടും ഇസ്രയേൽ ആക്രമണം തുടങ്ങിയത്. അമേരിക്കയെ മുൻകൂട്ടി അറിയിച്ച ശേഷമാണ് നെതന്യാഹു ആക്രമണത്തിന് ഉത്തരവിട്ടത്. ആക്രമണത്തിന് ഉത്തരവാദി ഹമാസെന്നാണ് അമേരിക്കയുടെ ആരോപണം.

More Stories from this section

family-dental
witywide