
ന്യൂയോർക്ക്: അമേരിക്കൻ ശതകോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീൻ ജയിൽ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി മുൻ ജയിൽ ഗാർഡ്. മരണത്തിന് തലേദിവസം രാത്രി എപ്സ്റ്റീൻ്റെ സെൽ ബ്ലോക്കിലേക്ക് അജ്ഞാത രൂപം പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ, അത് താനല്ലെന്ന് മുൻ ഗാർഡ് തോവ നോയൽ യു.എസ്. ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയോട് വെളിപ്പെടുത്തി. ഇതോടെ വർഷങ്ങളായി തുടരുന്ന എപ്സ്റ്റീൻ്റെ മരണത്തിലെ ദുരൂഹത വീണ്ടും വർദ്ധിച്ചിരിക്കുകയാണ്.
2019 ഓഗസ്റ്റ് 9-ന് രാത്രി 10:39-നാണ് എപ്സ്റ്റീനെ പാർപ്പിച്ചിരുന്ന സ്പെഷ്യൽ ഹൗസിംഗ് യൂണിറ്റിലെ സെൽ ടിയറിലേക്ക് ഒരു ഓറഞ്ച് നിറത്തിലുള്ള രൂപം ഗോവണി കയറി പോകുന്ന ദൃശ്യം ജയിലിലെ ക്യാമറയിൽ പതിഞ്ഞത്. പിറ്റേന്ന് രാവിലെ എപ്സ്റ്റീനെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് മുൻപ് ഈ ഭാഗത്തേക്ക് ഒരാൾ സമീപിക്കുന്നതിൻ്റെ അവസാനത്തെ തെളിവാണിത്.
“വളരെ സത്യസന്ധമായി പറഞ്ഞാൽ, അത് എന്താണെന്നോ ആരാണെന്നോ എനിക്കറിയില്ല. കാരണം ഞാൻ പിന്നീട് ആ ടിയറിലേക്ക് പോയിട്ടില്ല. അന്ന് എൻ്റെ കൈയിൽ ഓറഞ്ച് നിറത്തിലുള്ള ഒന്നും ഉണ്ടായിരുന്നില്ല. ആർക്കും അത്തരം വസ്ത്രങ്ങൾ നൽകിയിട്ടുമില്ല,” തോവ നോയൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
അന്വേഷണ ഏജൻസികളുടെ ഗുരുതര വീഴ്ച
ഈ നിഗൂഢ രൂപത്തെക്കുറിച്ച് എഫ്.ബി.ഐയോ യു.എസ്. നീതിന്യായ വകുപ്പോ ഇതുവരെ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന് നോയൽ വ്യക്തമാക്കി. പുറത്തുവന്ന ദൃശ്യങ്ങളിലെ രൂപം നോയൽ ആകാനാണ് സാധ്യതയെന്നായിരുന്നു നീതിന്യായ വകുപ്പിൻ്റെ ഇൻസ്പെക്ടർ ജനറലിൻ്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ ഇതിന് യാതൊരു തെളിവുമില്ല. ഇത് മറ്റൊരു തടവുകാരനാകാം എന്ന എഫ്.ബി.ഐ ലോഗിലെ വിവരവും ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ സംശയങ്ങൾ ഇരട്ടിയാക്കുന്നു.
ജയിലിലെ ഹാർഡ് ഡിസ്ക് തകരാറിലായതിനാൽ ഭൂരിഭാഗം സിസിടിവി ക്യാമറകളും അന്ന് പ്രവർത്തിച്ചിരുന്നില്ല. ഒരു പൊതുമേഖലയിലെ ക്യാമറയിൽ നിന്നാണ് ഈ പരിമിതമായ ദൃശ്യം ലഭിച്ചത്. അന്ന് രാത്രി കൃത്യമായ ഇടവേളകളിൽ തടവുകാരെ പരിശോധിക്കുന്നതിൽ തനിക്ക് വീഴ്ച പറ്റിയതായി തോവ സമ്മതിച്ചു എങ്കിലും, മരണത്തിൽ പങ്കില്ലെന്ന് അവർ വ്യക്തമാക്കി.
തോവ നോയലിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് 2018 മുതൽ വന്ന 12 പണ നിക്ഷേപങ്ങളെക്കുറിച്ചും ജനപ്രതിനിധികൾ ചോദ്യങ്ങൾ ഉന്നയിച്ചു. ഈ പണത്തിൻ്റെ ഉറവിടം വെളിപ്പെടുത്താൻ അവർ തയ്യാറായില്ലെങ്കിലും, എപ്സ്റ്റീനുമായി ഇതിന് ബന്ധമില്ലെന്ന് അവർ വാദിച്ചു. എപ്സ്റ്റീനെ വധിക്കാൻ മൈക്കൽ റോസ് എന്നയാൾക്ക് സെല്ലിലേക്ക് പ്രവേശനം നൽകാൻ തോവയും മറ്റൊരു ഉദ്യോഗസ്ഥനും ചേർന്ന് $6,500 കൈക്കൂലി വാങ്ങിയെന്ന ആരോപണവും അവർ നിഷേധിച്ചു. എപ്സ്റ്റീൻ്റെ മരണം ആത്മഹത്യയാണെന്ന് ഔദ്യോഗികമായി വിധിയെഴുതിയെങ്കിലും, പ്രധാന സാക്ഷിയായ മുൻ ഗാർഡിൻ്റെ ഈ പുതിയ മൊഴി കേസിൽ വലിയ വഴിത്തിരിവായിരിക്കുകയാണ്.
എപ്സ്റ്റീൻ്റെ മരണവും ദുരൂഹതകളും
അമേരിക്കയിലെ അതിസമ്പന്നനും ഉയർന്ന സ്വാധീനവുമുള്ള ഒരു ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കറായിരുന്നു ജെഫ്രി എപ്സ്റ്റീൻ. പ്രമുഖ രാഷ്ട്രീയ നേതാക്കൾ, ശതകോടീശ്വരന്മാർ, പ്രശസ്ത സിനിമാതാരങ്ങൾ, ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ എന്നിവരുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഇയാൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ വലിയൊരു അന്താരാഷ്ട്ര ശൃംഖലയുടെ സൂത്രധാരനായിരുന്നു. തൻ്റെ ആഡംബര ദ്വീപുകളിലും വസതികളിലും വെച്ച് നിരവധി പെൺകുട്ടികളെ പീഡിപ്പിക്കുകയും, തൻ്റെ ഉന്നതരായ സുഹൃത്തുക്കൾക്കായി ഇവരെ ലൈംഗികമായി ചൂഷണം ചെയ്യാൻ അവസരമൊരുക്കുകയും ചെയ്തു എന്നതാണ് ഇയാൾക്കെതിരെയുള്ള പ്രധാന കുറ്റം.
2008-ൽ സമാനമായ കേസിൽ ഇയാൾ ആദ്യമായി ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലും, ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീർക്കുകയും ചെറിയൊരു ജയിൽ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങുകയും ചെയ്തു. എന്നാൽ 2019 ജൂലൈയിൽ, പ്രായപൂർത്തിയാകാത്തവരെ ലൈംഗിക കാര്യങ്ങൾക്കായി കടത്തൽ, ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി എഫ്.ബി.ഐ ഇയാളെ ന്യൂയോർക്കിൽ വെച്ച് വീണ്ടും അറസ്റ്റ് ചെയ്തു. ഇത്തവണ ഇയാൾക്ക് ജാമ്യം നിഷേധിക്കപ്പെടുകയും, വിചാരണയ്ക്കായി ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ കറക്ഷണൽ സെൻ്റർ ജയിലിലേക്ക് മാറ്റുകയും ചെയ്തു.
അറസ്റ്റിലായി കൃത്യം ഒരു മാസത്തിനുശേഷം, അതായത് 2019 ഓഗസ്റ്റ് 10-ന് രാവിലെ, ജെഫ്രി എപ്സ്റ്റീനെ ജയിൽ സെല്ലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാൾ സെല്ലിനുള്ളിൽ തൂങ്ങിമരിച്ചതാണെന്നും ഇത് ആത്മഹത്യയാണെന്നുമാണ് ഔദ്യോഗിക അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ, എപ്സ്റ്റീൻ പുറത്തുവിട്ടാൽ ലോകത്തെ പല പ്രമുഖരുടെയും കരിയർ തകരുമായിരുന്ന രഹസ്യങ്ങൾ ഇയാളുടെ പക്കലുണ്ടായിരുന്നതിനാൽ, ഈ മരണം കൊലപാതകമാണെന്ന ശക്തമായ സംശയങ്ങളും നിരവധി ദുരൂഹതകളും ഇന്നും നിലനിൽക്കുന്നു.
Jeffrey Epstein’s death: Former guard says he was not the figure who entered the cell just before his death; Mysteries in US prisons emerge















