സിപിഐ സംസ്ഥാന സമ്മേളനത്തിലേക്ക് കെ ഇ ഇസ്മായിലിന് ക്ഷണമില്ല; ഞാൻ ജീവിതവസാനം വരെയും ഒരു കമ്മ്യൂണിസ്റ് ആയിരിക്കും, കുറിപ്പുമായി കെ ഇ ഇസ്മായിൽ

മുതിർന്ന സിപിഐ നേതാവും മുൻ റവന്യൂ വകുപ്പ് മന്ത്രിയുമായ കെ ഇ ഇസ്മായിൽ സിപിഐയ്ക്ക് എതിരെ രംഗത്ത്. സിപി കെയുടെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ കെ ഇ ഇസ്മായിലിന് ക്ഷണമില്ലാത്തതിന് എതിരെയാണ് വൈകാരിക കുറിപ്പുമായി കെ ഇ ഇസ്മായിൽ രംഗത്തെത്തിയിരിക്കുന്നത്. ഞാൻ ഒരു കമ്മ്യൂണിസ്റ് ആയിരിക്കും. അത് ജീവിതവസാനം വരെയും… എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

കെ ഇ ഇസ്മായിലിൻ്റെ കുറിപ്പിൻ്റെ പൂർണ രൂപം

പാർട്ടിയുടെ സംസ്ഥാന സമ്മേളനം 10,11,12 തീയതികളിൽ ആലപ്പുഴ വെച്ച് നടക്കുന്നു. പാർട്ടിയിൽ ഞാൻ ഒരു ജീവിതകാലം മുഴുവൻ പ്രവർത്തിച്ചു . ഈ സമ്മേളനത്തിൽ ഞാൻ പങ്കെടുക്കാൻ പാടില്ലത്രേ? നേതൃത്വത്തിന്റെ വിലക്ക്. ദുഃഖമുണ്ട്. അത്രമേൽ വേദന..

അച്യുതമേനോനും, എം. എനും, S. കുമാരനും, N E ബാലറാമും, P K V യും വെളിയവും നേതൃത്വമായി പ്രവർത്തിച്ച കാലത്ത് അവരോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ച ഒരു എളിയ പ്രവർത്തകനാണ് ഞാൻ. അവരുടെയൊക്കെ കാലത്തു എന്നെ ഏല്പിച്ച ചുമതലകൾ സ്തുത്യർഹമായി നിർവഹിച്ച അനുഭവം എന്റെ ഓർമയിൽ നിറഞ്ഞുനിൽക്കുന്നു.

പ്രായത്തിന്റെ പേരിലാണ് 2022 ഹൈദ്രബാദ് പാർട്ടി കോൺഗ്രസിൽ 75 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കുന്നത്. അങ്ങിനെ 2022 മുതൽ ഒരു പ്രാഥമിക മെമ്പറാണ് ഞാൻ.പ്രാഥമിക മെമ്പറായ എന്നിൽ എന്ത് കുറ്റമാണ് നേതൃത്വം കണ്ടുപിടിച്ചത് ..

ഇപ്പോൾ ഞാൻ ഒന്നും പറയുന്നില്ല. എനിക്ക് പറയാനുള്ളത് പിന്നീട് ഞാൻ പറയും..സമ്മേളനം ഭംഗിയായി നടക്കട്ടെ, ഗംഭീര വിജയമാകട്ടെ, എല്ലാ ആശംസകളും നേരുന്നു…

ഞാൻ ഒരു കമ്മ്യൂണിസ്റ് ആയിരിക്കും. അത് ജീവിതവസാനം വരെയും…

More Stories from this section

family-dental
witywide