
ഡൽഹി: കോൺഗ്രസ് ഹൈക്കമാൻഡ് കെപിസിസി പുനഃസംഘടന പട്ടിക പ്രഖ്യാപിച്ചു. 13 വൈസ് പ്രസിഡന്റുമാർ, 59 ജനറൽ സെക്രട്ടറിമാർ എന്നിവരടങ്ങുന്ന ജംബോ പട്ടികയാണ് പുറത്തിറങ്ങിയത്. വി.എ. നാരായണനെ ട്രഷററായി നിയമിച്ചു. എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ് എന്നിവരെ രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തി. പന്തളം സുധാകരൻ, സി.പി. മുഹമ്മദ്, എ.കെ. മണി എന്നിവരും സമിതി അംഗങ്ങളായി. വൈസ് പ്രസിഡന്റുമാരായി ടി. ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി. ബൽറാം, വി.പി. സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി. സുഗതൻ, രമ്യ ഹരിദാസ്, എം. ലിജു, എ.എ. ഷുക്കൂർ, എം. വിൻസൻ്റ്, റോയ് കെ. പൗലോസ്, ജയ്സൺ ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയർ ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ ഇടം നേടി. പട്ടിക പ്രഖ്യാപനത്തിന് ഒന്നര മണിക്കൂർ കഴിഞ്ഞ് കോട്ടയം മുൻ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ പേര് ജനറൽ സെക്രട്ടറി വിഭാഗത്തിൽ കൂട്ടിച്ചേർത്തു. ക്ലറിക്കൽ പിഴവാണ് കാരണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വിശദീകരിച്ചു.
പാർട്ടിയിലെ ജനപ്രതിനിധികളുടെ പരിഭവം തീർക്കാൻ ‘ഒരാൾക്ക് ഒരു പദവി’ നിയമം ഒഴിവാക്കി. പരമാവധി ഗ്രൂപ്പ് താൽപ്പര്യങ്ങൾ സംരക്ഷിച്ചും സാമൂഹിക സന്തുലനം പാലിച്ചും സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം നൽകിയുമാണ് പട്ടിക തയ്യാറാക്കിയത്. ആര്യാടൻ ഷൗക്കത്ത് ജനപ്രതിനിധിയായ ഏക ജനറൽ സെക്രട്ടറിയാണ്. വർഷങ്ങളായി പദവികളില്ലാതിരുന്ന ഹൈബി ഈഡന് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവായി വൈസ് പ്രസിഡന്റ് പദം. നിലവിലുള്ളവരിൽ വി.ടി. ബൽറാമിനും ശരത്ചന്ദ്ര പ്രസാദിനും മാത്രം സ്ഥാനം നിലനിർത്തി.
വിവാദ ഫോൺ വിളിയെ തുടർന്ന് ഡിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട പാലോട് രവിക്ക് വൈസ് പ്രസിഡന്റ് പദം ലഭിച്ചു. സംഘടനാ ചുമതലയുള്ള എം. ലിജുവിനും ഇരട്ട പദവി. ജ്യോതികുമാർ ചാമക്കാല പത്തനാപുരം മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ട്രഷറർ സ്ഥാനം നിരസിച്ചതോടെ വി.കെ. നാരായണന് അത് ലഭിച്ചു. ജ്യോതികുമാർ ജനറൽ സെക്രട്ടറിയായി. പട്ടികയിൽ ഭൂരിഭാഗം പേരും 40 വയസ്സിനു മുകളിലുള്ളവർ.
രമ്യ ഹരിദാസ് ലാലി വിൻസന്റിനും പദ്മജ വേണുഗോപാലിനും ശേഷം വൈസ് പ്രസിഡന്റാകുന്ന വനിതയാണ്. ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവരെ മറികടന്നാണ് രമ്യയുടെ നിയമനം. രമ്യയുൾപ്പെടെ എട്ട് സ്ത്രീകൾക്ക് ഭാരവാഹി പദവികൾ. ബിജെപി വിട്ടുവന്ന സന്ദീപ് വാരിയർക്ക് വക്താവിനു പുറമെ ജനറൽ സെക്രട്ടറി പദവിയും. പരിഗണിച്ചിരുന്ന പലരും അവസാന നിമിഷം പുറത്തായത് ചർച്ചകൾക്ക് വഴിവെക്കും. സെക്രട്ടറിമാരുടെ പട്ടിക തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
KPCC to have 13 vice-presidents, 58 general secretaries