
ഷിക്കാഗോ: ഷിക്കാഗോയിലെ സെന്റ് മേരീസ് മലങ്കര കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ‘മലങ്കര സ്റ്റാര്‍ നൈറ്റ് 2025’ നേപ്പര്‍ വില്ലിലുള്ള യെല്ലോ ബോക്സ് തിയേറ്ററില്‍ പ്രൗഢോജ്വലമായി നടത്തി.
മലയാള ചലച്ചിത്ര താരങ്ങളായ റീമ കല്ലിങ്കല്‍, നിഖില വിമല്‍, അപര്‍ണ ബാലമുരളി, ഗായകരായ ജോബ് കുര്യന്‍, അഞ്ജു ജോസഫ് എന്നിവരുടെ നൃത്ത സംഗീത പ്രകടനങ്ങള്‍ ഷിക്കാഗോ നിവാസികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറി.

സെന്റ് മേരീസ് മലങ്കര കാത്തലിക് ചര്‍ച്ച് വികാരി റവ.ഫാ. ജെറി മാത്യു നൃത്ത സംഗീത നിശയിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. റവ.ഫാ. ജെറി മാത്യു, റവ. സിസ്റ്റര്‍ സ്‌ളൂസോ എസ്‌ഐസി, പ്രോഗ്രാം മെഗാ സ്‌പോണ്‍സര്‍ ഡോ. ഐസക് ആന്‍ഡ് പ്രേമ പ്ലാമൂട്ടില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്സ് ബെഞ്ചമിന്‍ തോമസ്, രഞ്ജന്‍ ഏബ്രഹാം, രാജു വിന്‍സന്റ്, സിബി മാത്യു, രഞ്ജിത് തോമസ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന നൃത്ത-സംഗീത താരനിശ കാണികള്‍ തുടര്‍ച്ചയായ ഹര്‍ഷാരവത്തോടെ ഏറ്റെടുത്തു. ചാനല്‍ പാര്‍ട്നര്‍, ഫ്‌ളവേഴ്സ് ടിവി യുഎസ്എയുടെ സിഇഒ ബിജു സഖറിയ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.
പരിപാടിയുടെ വിജയത്തിന് സാമ്പത്തിക സഹായം നല്കുകയും മറ്റെല്ലാ എല്ലാ ക്രമീകരണങ്ങളും സജ്ജരാക്കിയവര്‍ക്ക് ഇടവക സെക്രട്ടറി ബെഞ്ചമിന്‍ തോമസ് നന്ദി രേഖപ്പെടുത്തി. ‘മലങ്കര സ്റ്റാര്‍ നൈറ്റ്-2025’ കലാമേളയ്‌യുടെ വിജയത്തില്‍ സെന്റ് മേരീസ് മലങ്കര ചര്‍ച്ചിന്റെ പേരില്‍ ഇടവക വികാരി ഫാ. ജെറി മാത്യുവും ഇടവക കമ്മിറ്റി അംഗങ്ങളും നന്ദി അറിയിച്ചു.