
ന്യൂഡൽഹി: ഒരാഴ്ചയായി ഛത്തീസ്ഗഢിലെ ജയിലിൽക്കഴിയുന്ന രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിനായി ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിക്കും. നിയമവിദഗ്‌ധരുമായി ചർച്ചനടത്തിയശേഷം കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ)യാണ് വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
പഴുതടച്ച ജാമ്യാപേക്ഷ നൽകാനാണ് തീരുമാനം. മുതിർന്ന അഭിഭാഷകരെ നിയോഗിക്കും. മജിസ്‌ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും കഴിഞ്ഞദിവസം ജാമ്യാപേക്ഷ പരിഗണിച്ചിരുന്നില്ല.
മനുഷ്യക്കടത്ത് ഉൾപ്പെട്ടിട്ടുള്ളതിനാൽ എൻഐഎ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടതെന്ന് സെഷൻസ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളിയാഴ്ച ജാമ്യാപേക്ഷ നൽകിയാലും എപ്പോൾ പരിഗണിക്കുമെന്ന് പറയാനാകില്ല. ആവശ്യമെങ്കിൽ സുപ്രീംകോടതിയിൽനിന്നടക്കം മുതിർന്ന അഭിഭാഷകരുടെ സേവനം ലഭ്യമാക്കുമെന്ന് കന്യാസ്ത്രീകളുടെ കുടുംബങ്ങൾക്കൊപ്പം ഛത്തീസ്ഗഢിലുള്ള കോൺഗ്രസ് എംഎൽഎമാരായ സജീവ് ജോസഫും റോജി എം. ജോണും പറഞ്ഞു.
അതിനിടെ, അറസ്റ്റിലായ കന്യാസ്ത്രീകളുടെ സന്ന്യാസസഭയായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റിന്റെ (ഗ്രീൻ ഗാർഡൻസ്) മദർ സുപ്പീരിയർ ഇസബെൽ ഫ്രാൻസിസ് ദുർഗിലെത്തി. സിബിസിഐയുടെ സന്ന്യാസപ്രതിനിധി സംഘവും ജയിലിൽ കന്യാസ്ത്രീകളെ സന്ദർശിച്ചു. കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിൽ ആന്റോ ആന്റണി, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരടങ്ങുന്ന എംപിമാരുടെ സംഘം വെള്ളിയാഴ്ച ദുർഗിലെത്തി കന്യാസ്ത്രീകളെ കാണും. കന്യാസ്ത്രീകളുടെ അറസ്റ്റിനെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദും അഖിലേന്ത്യാ കിസാൻസഭയും അപലപിച്ചു.
പോലീസ് അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായി പറഞ്ഞു. മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽനിന്ന് മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരെയും അവർക്കൊപ്പമുണ്ടായിരുന്ന ആദിവാസി യുവാവ് സുഖ്മാൻ മാണ്ഡവിനെയും പോലീസ് അറസ്റ്റുചെയ്തത്.
എൻഐഎ കോടതിയിൽ വിടുതൽ അപേക്ഷ നൽകും ഛത്തീസ്ഗഢിലെ ജയിലിൽക്കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ മോചനത്തിന് വഴിയൊരുങ്ങുമെന്നാണ് കേരളത്തിൽ നിന്നുള്ള എംപിമാരുടെ പ്രതീക്ഷ. ഇരുവരും നിരപരാധികളാണെന്ന് ബോധ്യപ്പെട്ടെന്ന നിലയിലാണ് അമിത് ഷാ സംസാരിച്ചതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം എംപിമാർ പറഞ്ഞു. എൻഐഎ കോടതിയിൽനിന്ന് ഈ കേസ് വിടുതൽ ചെയ്യിക്കുന്നതിന് ആവശ്യമായ അപേക്ഷ സംസ്ഥാന സർക്കാർ നൽകും.
Malayali nuns bail application to move to Chhattisgarh High Court