
തിരുവനന്തപുരം: അപകീർത്തി കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാർ ആണ് ഷാജന് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജൻ സ്കറിയയുടെ അഭിഭാഷകൻ വാദിച്ചു. കസ്റ്റഡിയിലെടുക്കും മുൻപ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതെല്ലാം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി ലൈംഗികമായടക്കം അധിക്ഷേപിച്ചെന്ന മാഹി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പൊലിസ് ഷാജനെ രാത്രിയോടെ അറസ്റ്റ് ചെയ്തത്. 2024 ഡിസംബർ 23 ന് മറുനാടൻ മലയാളിയുടെ ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ ആണ് പരാതിക്ക് അടിസ്ഥാനമായത്.
ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷാജൻ സ്കറിയയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും വസ്ത്രം മാറ്റാൻ പോലും അനുവദിച്ചില്ലെന്നുമാരോപിച്ച് മറുനാടൻ മലയാളി ചാനൽ പ്രവർത്തകരും രംഗത്ത് വന്നിരുന്നു. ഷർട്ട് ഇടാതെയുള്ള ഷാജന്റെ ചിത്രമടക്കം പുറത്തുവന്നിട്ടുണ്ട്.