
ന്യൂജേഴ്സി: അടുത്തിടെ അമേരിക്കൻ ഐക്യനാടുകളിൽ വലിയ ആരോഗ്യപ്രശ്നമായി ഉയർന്നുവന്ന, വളരെ വേഗം പകരുന്ന വൈറസ് രോഗമാണ് അഞ്ചാം പനി. ഒക്ടോബർ 19-ന് അഞ്ചാം പനി ബാധിച്ച ഒരു യാത്രക്കാരൻ ന്യൂവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ചതിനെ തുടർന്ന് ന്യൂജേഴ്‌സി ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
അസുഖബാധിതനായ യാത്രക്കാരൻ അന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2:15 നും വൈകുന്നേരം 5:30 നും ഇടയിൽ ടെർമിനൽ ബി വഴിയാണ് കടന്നുപോയത്. ന്യൂജേഴ്‌സി നിവാസിയല്ലാത്ത ഈ രോഗി മറ്റുള്ളവരിലേക്ക് വൈറസ് പടർത്താൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്.
ശരീരമാസകലം ചുണങ്ങുണ്ടാക്കുന്ന അഞ്ചാം പനി, അതീവ സാംക്രമിക രോഗമാണ്. രോഗം ബാധിച്ച ഒരാളുടെ ശ്വസന സ്രവങ്ങളിലെ കണികകൾ വഴി ഇത് വായുവിലൂടെയാണ് പകരുന്നത് എന്ന് മായോ ക്ലിനിക്ക് പറയുന്നു.
“ന്യുമോണിയ, എൻസെഫലൈറ്റിസ് (തലച്ചോറിലെ നീർക്കെട്ട്) പോലുള്ള ഗുരുതരമായ സങ്കീർണതകൾ അഞ്ചാം പനി ഉണ്ടാക്കിയേക്കാം. ഗർഭിണികളിൽ ഇത് ഗർഭം അലസുന്നതിനോ, മാസം തികയാതെയുള്ള പ്രസവത്തിനോ, കുറഞ്ഞ ഭാരമുള്ള കുഞ്ഞിൻ്റെ ജനനത്തിനോ കാരണമാവാനും സാധ്യതയുണ്ട്,” ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗം ബാധിച്ച് 10 മുതൽ 14 ദിവസങ്ങൾക്കകം ലക്ഷണങ്ങൾ സാധാരണയായി കണ്ടുതുടങ്ങും. ഉയർന്ന പനി, ചുമ, മൂക്കൊലിപ്പ്, ചുവന്നതും വെള്ളം നിറഞ്ഞതുമായ കണ്ണുകൾ, ശരീരം മുഴുവനുമുള്ള തിണർപ്പ് (rash) എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.















