
വാഷിങ്‌ടൻ: റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റെ ഇന്ത്യാ സന്ദർശനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൌഹൃദം പുതുക്കലും ഇതിനോടകം തന്നെ ലോക രാജ്യങ്ങളുടെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തതിന് പ്രതികാരമെന്നോണമാണ് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് 50 ശതമാനത്തിലേക്ക് ഇന്ത്യയുടെ ഇറക്കുമതി തീരുവ ഉയർത്തിയത്. ഇത് ഇന്ത്യ- റഷ്യ ബന്ധം കൂടുതൽ ദൃഢമാകാനാണ് സഹായിച്ചതെന്നാണ് യുഎസിൽ നിന്നുള്ള രാഷ്ട്രീയ പ്രമുഖരടക്കം ചൂണ്ടിക്കാട്ടുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെ വ്യക്തിയാണ് മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. ജോർജ് ബുഷിന്റെ ഭരണകാലത്ത് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു മൈക്കൽ റൂബിൻ.
ഇന്ത്യയും റഷ്യയും കൂടുതൽ അടുത്തത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളുടെ ഫലമാണെന്നും ഇതിന് ട്രംപിന് നൊബേൽ പുരസ്കാരം നൽകണമെന്നും മൈക്കൽ റൂബിൻ പറയുന്നു. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയോട് മോശമായി പെരുമാറിയതിന് യുഎസ് ഇന്ത്യയോട് മാപ്പ് പറയണമെന്നും വാർത്താ ഏജൻസിയായ എഎൻഐയ്‌ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎസ് പാക്കിസ്ഥാന്റെ പക്ഷം ചേരുന്നത് തന്ത്രപരമായി യുക്തിയല്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പാക്കിസ്ഥാനെ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്‌ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവി അസിം മുനീർ യുഎസിൽ വന്നാൽ ആദരിക്കുകയല്ല വേണ്ടതെന്നും പകരം അറസ്റ്റു ചെയ്യുണമെന്നും മൈക്കൽ റൂബിൻ വ്യക്തമാക്കി. അസിം മുനീറിനെ ജൂണിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സ്വീകരിക്കുകയും അത്താഴവിരുന്ന് ഒരുക്കുകയും ചെയ്‌തതിനെ പരാമർശിച്ചായിരുന്നു മൈക്കൽ റൂബിന്റെ പ്രതികരണം.
Michael Rubin says that India and Russia are getting closer as a result of US President Donald Trump’s policies.









