പിവി അൻവറിന് രാഷ്ട്രീയ അഭയം, തൃണമൂല്‍ കോണ്‍ഗ്രസിൽ ചേർന്നു; ‘ജനക്ഷേമത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കും’

കൊല്‍ക്കത്ത: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരെ കലാപക്കൊടി ഉയർത്തി ഇടതുപാളയം വിട്ട പി വി അന്‍വര്‍ എം എല്‍ എ. തൃണമൂല്‍ കോണ്‍ഗ്രസിൽ ചേര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും എം പിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി, അന്‍വറിന് പാര്‍ട്ടി അംഗത്വം നല്‍കി.

കൊല്‍ക്കത്തയില്‍ അഭിഷേകിന്റെ ഓഫീസില്‍ വച്ചാണ് അന്‍വര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. അന്‍വറിനെ അഭിഷേക് ഷാളണിയിച്ച് സ്വീകരിച്ചു. അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് തൃണമൂല്‍ എക്‌സ് പോസ്റ്റ് പുറത്തിറക്കി. ജനക്ഷേമത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് ടി എം സിയും അൻവറും വ്യക്തമാക്കി.

അൻവര്‍ യുഡിഎഫിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എല്‍ഡിഎഫ്‌ വിട്ട അൻവര്‍, ഡെമോക്രാറ്റിക് മൂവ്‌മെന്‍റ് ഓഫ് കേരള (DMK) എന്ന പാര്‍ട്ടി നേരത്തെ രൂപീകരിച്ചിരുന്നുവെങ്കിലും വേണ്ട രീതിയില്‍ ജന പിന്തുണ ലഭിച്ചിരുന്നില്ല. ഇതോടെയാണ് അൻവർ തൃണമൂലിൽ ചേർന്നത് എന്നാണ് വിലയിരുത്തലുകൾ.