കൈ വിടാതെ യുഡിഎഫ്, അനുനയിപ്പിക്കാൻ നേതാക്കൾ അൻവറിന്‍റെ വീട്ടിലെത്തി; കുഞ്ഞാലിക്കുട്ടിയും രംഗത്ത്, മുന്നണിയിലെടുത്താൽ പ്രശ്നം തീരുമോ?

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്‍റെ പേരിൽ യു ഡി എഫുമായി ഇടഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവും മുന്‍ എം എല്‍ എയുമായ പി വി അന്‍വറിനെ അനുനയിപ്പിക്കാന്‍ നീക്കം തുടരുന്നു. കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇന്ന് അന്‍വറിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഡി സി സി പ്രസിഡന്റ് പ്രവീണ്‍കുമാര്‍, കെ പി സി സി ജനറല്‍ സെക്രട്ടറി കെ ജയന്ത്, സി എം പി നേതാവ് വിജയകൃഷ്ണന്‍ എന്നിവരാണ് അന്‍വറിന്റെ എടവണ്ണ ഒതായിയിലെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ കാര്യം പാര്‍ട്ടിക്കറിയാമെന്ന് പ്രവീണ്‍കുമാര്‍ പ്രതികരിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമുള്ള കൂടിക്കാഴ്ചയല്ലെന്നും സൗഹൃദ സന്ദര്‍ശനമാണെന്നുമാണ് പ്രവീണ്‍കുമാറിന്റെ വിശദീകരണം.

അതിനിടെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കളുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തി. പറയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞുവെന്നായിരുന്നു അദ്ദേഹം സന്ദര്‍ശനത്തിന് ശേഷം വ്യക്തമാക്കിയത്. കോണ്‍ഗ്രസ്സില്‍ നിന്ന് ഉത്തരവാദിത്വപ്പെട്ടവരാരും ഇതുവരെ കാര്യങ്ങള്‍ അന്വേഷിച്ച് വിളിച്ചിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞിരുന്നു. പിന്നാലെയാണിപ്പോള്‍ അന്‍വറിനെ കാണാന്‍ കോണ്‍ഗ്രസ്സ് നേതാക്കളെത്തിയത്. വഴങ്ങിയില്ലെങ്കില്‍ തനിച്ച് മത്സരിക്കാന്‍ തന്നെയാണ് അന്‍വറിന്റെ തീരുമാനം. അതേസമയം മുന്നണി പ്രവേശനം സാധ്യമായാൽ അൻവർ തത്കാലം അടങ്ങിയേക്കുമെന്നും സൂചനകളുണ്ട്.