
കാലിഫോർണിയ: കാലിഫോർണിയയിലെ ലോംപോക്കിൽ നിന്നുള്ള 9 വയസ്സുകാരി മെലോഡി ബസാർഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാതാവായ ആഷ്‌ലി ബസാർഡിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ മുതൽ കാണാതായ മെലോഡിയുടെ മൃതദേഹം ഡിസംബർ ആദ്യവാരം യൂട്ടായിലെ ഗ്രാമീണ മേഖലയിൽ നിന്നാണ് കണ്ടെത്തിയത്.
കുട്ടി സ്കൂളിൽ എത്താതായതിനെത്തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ, ഡിസംബർ 6-ന് യൂട്ടായിലെ വിജനമായ ഒരു പ്രദേശത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മെലോഡിയുടെ തലയ്ക്കേറ്റ വെടിയാണ് മരണകാരണമെന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്ന് ആഷ്ലിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ തിരയുടെ ഭാഗങ്ങൾ കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ചവയുമായി പൊരുത്തപ്പെട്ടതാണ് നിർണ്ണായക തെളിവായത്. കൂടാതെ ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം മെലോഡിയുടേതാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെയാണ് സ്വന്തം മകളെ കൊന്ന അമ്മയ്ക്ക് പിടിവീണത്.
2025 ഒക്ടോബർ 7-ന് അമ്മ ആഷ്ലിക്കൊപ്പം മെലോഡി ഒരു കാറിൽ യാത്ര പോയിരുന്നു. ഒക്ടോബർ 9-ന് കൊളറാഡോ-യൂട്ടാ അതിർത്തിയിൽ ഇവരെ അവസാനമായി കണ്ടതിന് തെളിവ് ലഭിച്ചിട്ടുണ്ട്. പിറ്റേന്ന് ഒക്ടോബർ 10-ന് ആഷ്ലി തനിച്ചാണ് വീട്ടിൽ തിരിച്ചെത്തിയത്. യാത്രയ്ക്കിടെ പിടിക്കപ്പെടാതിരിക്കാൻ ആഷ്ലി വിഗ്ഗുകൾ ധരിക്കുകയും മകൾക്കും വിഗ്ഗ് വയ്ക്കുകയും ചെയ്തിരുന്നു. വാടകയ്ക്കെടുത്ത കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി.
ആസൂത്രിതവും അതിക്രൂരവുമായ കൊലപാതകമാണിതെന്ന് സാന്താ ബാർബറ കൗണ്ടി ഷെരീഫ് ബിൽ ബ്രൗൺ വിശേഷിപ്പിച്ചു. നിലവിൽ സാന്താ ബാർബറ കൗണ്ടി ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം അനുവദിച്ചിട്ടില്ല.
Mother arrested for killing 9-year-old daughter, from California.















