
ന്യൂഡൽഹി : പങ്കാളിയുടെ ഇന്ത്യൻ ബന്ധത്തെക്കുറിച്ചും മകൻ്റെ പേരിലുള്ള പ്രത്യേകതയെക്കുറിച്ചും വാചാലനായി ടെസ്ല, സ്പേസ് എക്സ് മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്. തന്റെ പങ്കാളിയായ ഷിവോൺ സിലിസിന് ഇന്ത്യൻ ബന്ധമുണ്ടെന്നും മകൻ്റെ പേരിനൊപ്പം ശേഖർ എന്ന് ചേർത്തിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. സെറോധ സ്ഥാപകനായ നിഖിൽ കാമത്തിന്റെ ‘WTF is?’ എന്ന പോഡ്കാസ്റ്റിലാണ് മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘നിങ്ങൾക്ക് ഇക്കാര്യം അറിയുമോ എന്നെനിക്കറിയില്ല. പക്ഷേ എന്റെ പങ്കാളിയായ ഷിവോൺ പാതി ഇന്ത്യക്കാരിയാണ്. ഷിവോണിൽ ജനിച്ച ഞങ്ങളുടെ മകൻ്റെ മിഡിൽ നെയിം ‘ശേഖർ’ എന്നാണ്”. – മസ്‌ക് പറയുന്നു.
ഷിവോൺ ജനിച്ചത് ഇന്ത്യയിലാണെന്നും എന്നാൽ കുഞ്ഞായിരിക്കുമ്പോൾത്തന്നെ കാനഡയിലേക്ക് ദത്തെടുക്കാൻ വിട്ടുകൊടുത്തതാണെന്നും അങ്ങനെ കാനഡയിലാണ് അവൾ വളർന്നതെന്നും മസ്ക് പങ്കുവെച്ചു. ഷിവോണുമായുള്ള ബന്ധത്തിലെ കുട്ടികളിലൊരാളുടെ പേരിലാണ് ശേഖര്‍ ഉള്ളതെന്നും മസ്ക് പറഞ്ഞു. ഇന്ത്യൻ- അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ സുബ്രഹ്മണ്യൻ ചന്ദ്രശേഖറിന്റെ പേരില്‍ നിന്നാണ് മകന് ശേഖർ എന്നൊരു മിഡിൽ നെയിം നൽകിയിരിക്കുന്നത്.
കനേഡിയൻ ബിസിനസുകാരിയും മസ്‌ക് സ്ഥാപിച്ച ന്യൂറോ ടെക്‌നോളജി കമ്പനിയായ ന്യൂറലിങ്കിലെ എക്‌സിക്യൂട്ടീവുമാണ് ഷിവോൺ സിലിസ്. ഒന്നിലധികം പങ്കാളികളും പതിനാലോളം കുട്ടികളുമാണ് 54കാരനായ മസ്‌കിനുള്ളത്, ആഗോള ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനുള്ള തന്റെ പ്രതിബദ്ധതയെക്കുറിച്ച് പലപ്പോഴും ഇദ്ദേഹം പരസ്യമായി സംസാരിച്ചിട്ടുണ്ട്.
My son’s middle name is Shekhar, Elon Musk speaks out his partner’s Indian roots.















