വിഎസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില ഗുരുതരമായി തുടരുന്നെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ; രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല

തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ്‌യുറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പുതിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ രക്ത സമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

തീവ്രപരിചരണ വിഭാഗത്തിലാണ് വിഎസ് ഇപ്പോഴും തുടരുന്നത്. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായമുണ്ടെന്നും അല്‍പ്പസമയം മുമ്പ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

ശ്വാസോച്ഛാസവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമം ഡോക്ടര്‍മാര്‍ തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് 101 വയസുള്ള വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.