സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. പാർട്ടിയുടെ അടിസ്ഥാന നിലപാടുകളിലേക്കും ആദർശങ്ങളിലേക്കും തിരിച്ചുപോകേണ്ടത് അനിവാര്യമാണെന്ന സൂചന നൽകുന്നതാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അഴിമതിക്കെതിരെയും പരിസ്ഥിതി സംരക്ഷണത്തിനായും സാധാരണക്കാരന്റെ നീതിക്കായും വിട്ടുവീഴ്ചയില്ലാതെ പോരാടേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആ പഴയ വിപ്ലവ കരുത്തിലേക്ക് പാർട്ടി തിരിച്ചുപോകേണ്ട സമയം അതിക്രമിച്ചുവെന്നും അരുൺകുമാർ തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു. ആദർശങ്ങളിൽ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങൾ ഗൗരവമായി കാണുമെന്ന് വി.എസിന് എന്നും ബോധ്യമുണ്ടായിരുന്നു. രാഷ്ട്രീയ സത്യസന്ധതയും ജനങ്ങളുമായുള്ള ബന്ധവും നിലനിർത്തുന്നതിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന വി.എസിന്റെ രാഷ്ട്രീയ ശൈലിയെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടി പരാജയത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കുന്നതിനിടയിലാണ് അരുൺകുമാറിന്റെ ഈ പ്രതികരണം. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നിന്ന് പാർട്ടി അകന്നുപോയോ എന്ന ചോദ്യം ഉയരുന്ന സാഹചര്യത്തിൽ, പഴയ സമരവീര്യത്തിലേക്ക് മടങ്ങേണ്ടത് നിലനിൽപ്പിന് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പോസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
അരുൺകുമാറിന്റെ കുറിപ്പ്
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമെല്ലാം വ്യക്തിപരമായി എന്നെ എവിടെയൊക്കെയോ സ്പർശിക്കുകയാണ്. അച്ഛന്റെ സാന്നിദ്ധ്യമില്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഓരോ രാഷ്ട്രീയ ചലനങ്ങളെയും ജനപക്ഷത്തുനിന്ന് വിശകലനം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആ ശബ്ദം ഇന്ന് എനിക്കും ഈ നാടിനും ഒരുപോലെ നഷ്ടമാണ്. അച്ഛൻ എന്നും വിശ്വസിച്ചിരുന്നത് ജനങ്ങളുടെ പൾസ് തിരിച്ചറിയുന്നതാണ് യഥാർത്ഥ രാഷ്ട്രീയമെന്നാണ്. അദ്ദേഹം ആൾക്കൂട്ടങ്ങളിൽ ആവേശം കണ്ടെത്തിയിരുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ആദർശങ്ങളിൽ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങൾ എത്രത്തോളം ഗൗരവമായി കാണുമെന്ന് അച്ഛന് നല്ല ബോദ്ധ്യമുണ്ടായിരുന്നു.പ്രസ്ഥാനങ്ങൾ അവയുടെ വേരുകളിലേക്ക്, അതായത് സാധാരണക്കാരന്റെ നീതിക്കും പരിസ്ഥിതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങൾക്കും പ്രാധാന്യം നൽകുന്ന ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും.
VA Arunkumar Criticizes CPM Leadership; Calls for Return to Ideals













