
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ഇഡി ഓഫീസ് ആക്രമണക്കേസിലെ പ്രതികൾ വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത് വലിയ വിവാദമാകുന്നു. സംഭവത്തിൽ ഗുരുതര ചട്ടലംഘനവും സുരക്ഷാവീഴ്ചയും ഉണ്ടായെന്ന വിലയിരുത്തലിൽ ജയിൽ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫീസ് അക്രമക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ഐ.പി. ബിനു ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരാണ് ജയിലിനുള്ളിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ജയിലിലെ 5, 7 ബ്ലോക്കുകളിൽ കഴിയുന്ന റിമാൻഡ് പ്രതികളാണ് ചടങ്ങിൽ പങ്കെടുത്തതെന്ന് ജയിൽ സൂപ്രണ്ട് നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ജയിൽ മാനുവൽ പ്രകാരം തടവുകാർക്ക് ജയിലിനുള്ളിൽ അനുമതിയില്ലാതെ രാഷ്ട്രീയ/സംഘടനാപരമായ യോഗങ്ങളോ അനുസ്മരണങ്ങളോ സംഘടിപ്പിക്കാൻ അവകാശമില്ല. തടവുകാർക്ക് ജയിലിനുള്ളിൽ വഴിവിട്ട സൗകര്യങ്ങളും സഹായങ്ങളും ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങളെ ശരിവെക്കുന്നതാണ് ഈ സംഭവം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്താൻ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡ്യൂട്ടിയിൽ വീഴ്ച വരുത്തുകയോ തടവുകാർക്ക് ചടങ്ങ് നടത്താൻ ഒത്താശ ചെയ്യുകയോ ചെയ്ത ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
V.S. Memorial at Thiruvananthapuram Central Jail: Serious security lapse, investigation ordered















