
ഭോപ്പാല്‍: പാകിസ്ഥാനെതിരായ വെടിനിര്‍ത്തലിന് ഇന്ത്യ തയ്യാറായത് യുഎസ് ഇടപെടല്‍മൂലമാണ് എന്ന പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആവർത്തിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ട്രംപ്, മോദിയെ വിളിച്ച് എല്ലാം നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നും മോദി അത് അക്ഷരംപ്രതി അനുസരിച്ചുവെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.
ഭോപ്പാലില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച ‘സംഗതന്‍ ശ്രജന്‍ അഭിയാന്‍’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ‘ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ എനിക്കിപ്പോ നന്നായി അറിയാം. അവര്‍ക്കുമേല്‍ ചെറിയ സമ്മര്‍ദം ചെലുത്തിയാല്‍ മതി, ചെറുതായി ഒന്ന് ഉന്തിവിട്ടാല്‍ മതി.. ഭയംകൊണ്ട് അവര്‍ ഓടിയൊളിക്കും. അതിന് ഉദാഹരണമാണ് ട്രംപ് മോദിയെ ഫോണില്‍ വിളിച്ചത്,’ രാഹുല്‍ പറഞ്ഞു.
ട്രംപ് ഒരു ചെറിയ സൂചന നല്‍കി മോദിക്ക്. അദ്ദേഹം ഫോണ്‍ എടുത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയെ വിളിച്ചു, എന്നിട്ട് പറഞ്ഞു, ‘മോദി ജീ, താങ്കള്‍ എന്താണ് ചെയ്യുന്നത്? നരേന്ദ്രാ, കീഴടങ്ങൂ.’ മറുപടിയായി, ‘ശരി സര്‍’ എന്നുപറഞ്ഞ് നരേന്ദ്രമോദി ട്രംപ് നല്‍കിയ സൂചന അനുസരിച്ചു,’ രാഹുല്‍ ഗാന്ധി പരിഹസിച്ചു.