സീരിയസ് ആയിട്ട് ചെയ്തതാണേൽ തമാശയായിട്ടുണ്ട്! പെൻഗ്വിനുകൾക്ക് തീരുവ ചുമത്തിയ ട്രംപിനെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ, സംഭവം ഇങ്ങനെ

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പകരച്ചുങ്കത്തെ പരിഹസിച്ചുളള മീമുകളാല്‍ നിറഞ്ഞ് സോഷ്യൽ മീഡിയ. ഓസ്‌ട്രേലിയന്‍ ബാഹ്യ ഭൂവിഭാഗങ്ങളിലൊന്നായ മനുഷ്യവാസമില്ലാത്ത ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍സ് ദ്വീപുകള്‍ക്ക് തീരുവ ചുമത്തിയതാണ് ട്രംപിനെതിരെ പെന്‍ഗ്വിന്‍ മീമുകള്‍ പ്രത്യക്ഷപ്പെടാന്‍ കാരണം. ഈ പ്രദേശത്ത് ആകെയുളള ജീവികള്‍ പെന്‍ഗ്വിനുകള്‍ മാത്രമാണ്. ട്രംപ്- സെലന്‍സ്‌കി കൂടിക്കാഴ്ചയിൽ ചിത്രത്തില്‍ സെലന്‍സ്‌കിയ്ക്ക് പകരം പെന്‍ഗ്വിന്‍ കസേരയില്‍ ഇരിക്കുന്ന മീമാണ് ഇതില്‍ ഏറ്റവും വൈറൽ.

പെന്‍ഗ്വിനുകള്‍ ട്രംപിനെ കൂട്ടത്തോടെ ആക്രമിക്കുന്നതിന്റെയും തീരുവ ചുമത്തിയതിനെതിരായ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നതിന്റെയും മീമുകളെല്ലാം സോഷ്യല്‍ മീഡ‍ിയയിൽ ചിരി പടര്‍ത്തുന്നുണ്ട്. അമേരിക്ക പെന്‍ഗ്വിനുകള്‍ക്ക് വരെ തീരുവ ചുമത്തി, എന്നാല്‍ റഷ്യയെ ഒഴിവാക്കി എന്നാണ് റഷ്യ യുഎസ് താരിഫ് പട്ടികയില്‍ ഇല്ലെന്ന വസ്തുത പരാമര്‍ശിച്ചുകൊണ്ട് യുഎസ് സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമര്‍ പറഞ്ഞത്. രണ്ടായിരത്തിലധികം മനുഷ്യര്‍ മാത്രം താമസിക്കുന്ന പസഫിക്കിലെ ഓസ്‌ട്രേലിയന്‍ പ്രദേശമായ നോര്‍ഫോക്ക് ദ്വീപിന് 29 ശതമാനം തീരുവയാണ് ട്രംപ് ചുമത്തിയത്.

ഓസ്‌ട്രേലിയയുടെ എക്‌സ്റ്റേണല്‍ ടെറിട്ടറിയില്‍ ഉള്‍പ്പെടുന്ന പ്രദേശമായതിനാലാണ് ദ്വീപ് പട്ടികയില്‍ ഉള്‍പ്പെട്ടതെന്നാണ് വൈറ്റ് ഹൗസ് വക്താവിന്റെ വിശദീകരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.വൈറ്റ് ഹൗസ് പുറത്തുവിട്ട യു.എസ് തീരുവ ചുമത്തുന്ന രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പട്ടികയിലാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഭരണത്തിന് കീഴിലുള്ള ദ്വീപിന്റെ പേരും ഉള്‍പ്പെട്ടത്. ഇതോടെ, ദ്വീപിനും തീരുവ ചുമത്തിയുള്ള ട്രംപിന്റെ പ്രഖ്യാപനത്തോട് ഭൂമിയില്‍ ആരും സുരക്ഷിതമല്ലെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പ്രതികരിച്ചത്.

More Stories from this section

family-dental
witywide