
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ആദ്യം ശ്രീലങ്ക സന്ദർശിക്കും. ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ ഇന്ത്യ സന്ദർശിച്ച വേളയിൽ നിരവധി കരാറുകളിൽ ചര്‍ച്ചകൾ നടന്നിരുന്നു. ഈ കരാറുകൾക്ക് അന്തിമരൂപം നൽകുന്നതിനാണ് മോദി ശ്രീലങ്കയിലേക്ക് പോകുന്നത്. ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് ആണ് മോദി എത്തുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്.
‘അയൽ രാജ്യമായ ഇന്ത്യയുമായി അടുത്ത ബന്ധമാണ് പുലർത്തുന്നത്. ഞങ്ങളുടെ ആദ്യ നയതന്ത്ര സന്ദർശനം ഇന്ത്യയിലേക്കായിരുന്നു. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും നിരവധി കരാറുകളെ കുറിച്ചും ധാരണയുണ്ടാക്കി. ഏപ്രിൽ ആദ്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിലെത്തും. സാംപൂർ സോളാർ പവർ സ്റ്റേഷൻ ഉദ്ഘാടനത്തിനു പുറമേ നിരവധി പുതിയ ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കും’’ – ഹെരാത്ത് അറിയിച്ചു. 2023ലാണ് സിലോൺ ഇലക്ട്രിസിറ്റി ബോർഡും ഇന്ത്യയുടെ എൻടിപിസിയും ചേർന്നു സാംപൂരിൽ 135 മെഗാവാട്ട് സൗരോർജ നിലയം സ്ഥാപിക്കാൻ തീരുമാനിച്ചത്.