‘ഒപ്പമുണ്ട്’, കടുവ കൊല്ലപ്പെടുത്തിയ രാധയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പ്രിയങ്ക ഗാന്ധി നാളെ എത്തും, ജീവനൊടുക്കിയ ഡിസിസി ട്രഷററുടെ വീട്ടുകാരെയും കാണും

കൽപ്പറ്റ: പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടുകാരുടെ ദുഃഖത്തിൽ പങ്കുചേരാൻ പ്രിയങ്ക ഗാന്ധി എം പി നാളെ എത്തും. വയനാട്ടിലെത്തുന്ന പ്രിയങ്ക രാധയുടെ വീട് സന്ദർശിച്ച് കുടുംബാങ്ങളെ ആശ്വസിപ്പിക്കും. ശേഷം ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ വീടും സന്ദർശിക്കും.

വയനാട്ടിൽ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വളർത്തു മൃഗങ്ങൾ വ്യാപകമായി കൊല്ലപ്പെടുന്നതിലും കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുന്നതിലും ജനങ്ങൾ വലിയ ആശങ്കയിലാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. നേരത്തെ കൊല്ലപ്പെട്ട രാധയുടെ കുടുംബവുമായി പ്രിയങ്ക ഗാന്ധി ഫോണിൽ സംസാരിച്ചിരുന്നു.

അതേസമയം, വയനാട്ടിലെ നരഭോജി കടുവയെ ഇന്നു രാവിലെ ചത്തനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെയോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ കാടിനുള്ളിലാണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ കടുവയുടെ വയറ്റിൽ നിന്ന് കൊല്ലപ്പെട്ട രാധയുടെ കമ്മലും വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.

More Stories from this section

family-dental
witywide