മോദിയെ കാണാന്‍ പുടിന്‍ എത്തും ; കൂടിക്കാഴ്ച ഈ വര്‍ഷം അവസാനം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഈ വര്‍ഷം തന്നെ കൂടിക്കാഴ്ച നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ ഡല്‍ഹിയിലായിരിക്കും കൂടിക്കാഴ്ച നടക്കുക എന്ന് റഷ്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തീയതികൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ റഷ്യൻ എംബസി ഉദ്യോഗസ്ഥൻ ബുധനാഴ്ച പറഞ്ഞു.

റഷ്യയുമായി വ്യാപാര ബന്ധം പുലര്‍ത്തിയെന്നുകാട്ടി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യക്ക് ഉയര്‍ന്ന അധിക തീരുവ ചുമത്തിയിരുന്നു. ട്രംപിന്റെ നടപടിയില്‍ ഇന്ത്യക്ക് റഷ്യ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ശിക്ഷ എന്ന നിലയില്‍ ഇന്ത്യക്ക് അധിക തീരുവ ഉള്‍പ്പെടെ 50 ശതമാനം തീരുവയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ പകുതി നിലവില്‍ വരികയും ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ ഇന്ത്യ കടുത്ത എതിര്‍പ്പ് പരസ്യമാക്കിയിരുന്നു. റഷ്യയില്‍ നിന്നും അമേരിക്കയും എണ്ണയുള്‍പ്പെടെ വാങ്ങുന്നുവെന്നും റഷ്യയുമായി വ്യാപാര ബന്ധമുള്ള മറ്റ് രാജ്യങ്ങള്‍ക്കെതിരെ ട്രംപ് നടപടി എടുക്കുന്നില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.