ഇത് ട്രംപിന്‍റെ ‘സെൽഫ് ഗോൾ’, യുഎസ് സമ്പദ്‍വ്യവസ്ഥയെ ദോഷകരമായി ബാധിക്കും; താരിഫിനെ വിലയിരുത്തി രഘുറാം രാജന്‍

ഡല്‍ഹി: വിവിധ രാജ്യങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. ട്രംപിന്‍റെ നടപടി ഒരു ‘സെല്‍ഫ് ഗോള്‍’ ആണെന്ന് രഘുറാം രാജന്‍ പറഞ്ഞു. ഈ നീക്കം യുഎസ് സമ്പദ്‍വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. എന്നാല്‍, ഇന്ത്യയിലുണ്ടാകുന്ന അതിന്‍റെ ആഘാതം പരിമിതമായിരിക്കുമെന്ന് അദ്ദേഹം വിലയിരുത്തി. ഇന്ത്യയുടെ കയറ്റുമതിയില്‍ തീരുവ പ്രതിഫലിച്ചാല്‍ ഉല്‍പ്പന്നങ്ങളുടെ വില കൂടുകയും അത് യുഎസ് ഉപഭോക്താക്കളെ ബാധിക്കുകയും ചെയ്യും.

അത് ഡിമാന്‍റ് കുറയുന്നതിന് വഴിവയ്ക്കും. അത് ഇന്ത്യയുടെ കയറ്റുമതി മന്ദഗതിയിലാക്കുമെന്നും രഘുറാം രാജന്‍ പറഞ്ഞു. എന്നാൽ, മറ്റ് രാജ്യങ്ങളിലും യുഎസ് താരിഫ് ചുമത്തിയിരിക്കുന്നതിനാല്‍ ഇന്ത്യയ്ക്ക് അത്ര വലിയ ആഘാതം നേരിടേണ്ടിവരില്ല. ട്രംപിന്‍റെ ദീര്‍ഘകാല ലക്ഷ്യം യുഎസ് ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ്. പക്ഷേ വിജയിച്ചാലും അത് കൈവരിക്കാന്‍ ഒരുപാട് സമയം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇന്ത്യയുടെ കയറ്റുമതി കുറച്ചാല്‍ കൂടുതല്‍ സാധനങ്ങള്‍ ആഭ്യന്തരമായി ലഭ്യമാകും. ഇത് വഴി രാജ്യത്തെ വിലക്കയറ്റം കുറയും. യുഎസ് വിപണിയിലേക്കുള്ള പ്രവേശനം ഇപ്പോള്‍ പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ ചൈന പോലുള്ള രാജ്യങ്ങളും ഇന്ത്യയിലേക്ക് കൂടുതല്‍ കയറ്റുമതി ചെയ്യാന്‍ ശ്രമിച്ചേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

More Stories from this section

family-dental
witywide