തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ സാമൂഹികമാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ മോചിതനായി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജയിലിന് പുറത്ത് കാത്തുനിന്ന മെൻസ് അസോസിയേഷൻ പ്രവർത്തകർ പൂമാലയിട്ട് രാഹുലിനെ സ്വീകരിച്ചു.
പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച രാഹുൽ ഈശ്വർ, തനിക്കെതിരായ പരാതി വ്യാജമാണെന്നും നോട്ടീസ് നൽകാതെയാണ് അറസ്റ്റ് ചെയ്തതെന്നും ആരോപിച്ചു. ശബരിമല സ്വർണക്കൊള്ളയ്ക്കെതിരെ ക്യാമ്പയിൻ നടത്തുന്നത് തടയാനുള്ള രാഷ്ട്രീയ നീക്കമാണ് അറസ്റ്റിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മെൻസ് കമ്മീഷൻ രൂപീകരണത്തിനുവേണ്ടിയുള്ള പോരാട്ടമാണ് തന്റേതെന്നും കള്ളക്കേസുകളിൽ ആൺകുട്ടികളെ കുടുക്കരുതെന്നും മകനെ മുന്നിൽ നിർത്തി രാഹുൽ ആവശ്യപ്പെട്ടു.
കോടതി നിർദേശപ്രകാരം കേസിനെക്കുറിച്ച് വിശദമായി സംസാരിക്കുന്നതിൽനിന്ന് രാഹുൽ പിന്തിരിഞ്ഞെങ്കിലും ഭാര്യയും അഭിഭാഷകനും ശ്രമിച്ചിട്ടും നിലപാടിൽ ഉറച്ചുനിന്നു. ഉമ്മൻ ചാണ്ടി, ദിലീപ്, നിവിൻ പോളി തുടങ്ങിയവർക്ക് നീതി ലഭിക്കാത്ത നാട്ടിൽ സാധാരണക്കാർക്ക് നീതി കിട്ടുമോ എന്ന് ചോദിച്ച രാഹുൽ, സത്യം കൊണ്ടുമാത്രമേ ജയിക്കാനാവൂ എന്നും ആവർത്തിച്ചു.












