യുഎസിനു വേണ്ടെങ്കില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഞങ്ങള്‍ എടുത്തോളാം !പിന്തുണയുമായി റഷ്യ

ന്യൂഡല്‍ഹി : ഉയര്‍ന്ന തീരുവ മൂലം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ യുഎസ് വിപണിയില്‍ എത്തിക്കാനാകുന്നില്ലെങ്കില്‍ തങ്ങളുടെ വിപണിയിലേക്ക് അയക്കൂ എന്ന നിര്‍ദേശം മുന്നോട്ടുവെച്ച് റഷ്യ. ഇന്ത്യ റഷ്യയിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് സ്വാഗതം ചെയ്യുന്നുവെന്നാണ് മുതിര്‍ന്ന റഷ്യന്‍ നയതന്ത്രജ്ഞന്‍ ബുധനാഴ്ച പറഞ്ഞത്.

റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്ക് മേല്‍ അമേരിക്കയുടെ അധിക തീരുവ സമ്മര്‍ദ്ദം ന്യായീകരിക്കാനാവാത്തതാണെന്നും ഇത് ഇന്ത്യക്ക് വെല്ലുവിളി നിറഞ്ഞ സാഹചര്യം സൃഷ്ടിച്ചുവെന്നും റഷ്യന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ റോമന്‍ ബാബുഷ്‌കിന്‍ പറഞ്ഞു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിന് പുറമേ 25 ശതമാനം ശിക്ഷാ തീരുവ ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹം ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചത്.

‘..ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ യുഎസ് വിപണിയില്‍ പ്രവേശിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍, റഷ്യന്‍ വിപണി ഇന്ത്യന്‍ കയറ്റുമതിയെ സ്വാഗതം ചെയ്യുന്നു….,’ ദേശീയ തലസ്ഥാനത്ത് നടന്ന ഒരു പത്രസമ്മേളനത്തില്‍ ബാബുഷ്‌കിന്‍ പറഞ്ഞു. ”ഉപരോധങ്ങള്‍ അവ ചുമത്തുന്നവരെ ബാധിക്കുന്നു. ഇന്ത്യയ്ക്ക് ഇത് ഒരു വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ്, പക്ഷേ ഞങ്ങളുടെ ബന്ധങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യ-റഷ്യ ഊര്‍ജ്ജ സഹകരണം തുടരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.

അതേസമയം, ഈ വർഷം അവസാനത്തോടെ പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഡല്‍ഹിയിലായിരിക്കും കൂടിക്കാഴ്ച നടക്കുക.